അഹമ്മദാബാദ്: മോസ്കോയിൽനിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാർട്ടേഡ് വിമാനത്തിന് ബോംബ് ഭീഷണി. വിമാനം ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. യാത്ര പുറപ്പെട്ട ശേഷം എയർ ട്രാഫിക് കൺട്രോളിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ വിമാനം ജാംനഗർ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.
വൻ സുരക്ഷ സാന്നിധ്യത്തിൽ അടിയന്തരമായി ഇറക്കിയ വിമാനം, ഉടൻ സുരക്ഷിത ബേയിലേക്ക് മാറ്റി പരിശോധന നടത്തി. 236 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി പുറത്തിറക്കി. ഗോവയിലെ ഡബോലിം വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങേണ്ടിയിരുന്നതെന്നും മുൻകരുതൽ എന്ന നിലയിൽ സുരക്ഷ ശക്തമാക്കിയെന്നും ഗോവ പൊലീസ് അറിയിച്ചു.