രാത്രി ടെറസില്‍ നില്‍ക്കുകയായിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഫ്‌ലാറ്റിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൂട്ടബലാത്സംഗം,മൂന്ന് ഡിഗ്രി വിദ്യാര്‍ഥികള്‍ പിടിയില്‍

Advertisement

ഗാസിയാബാദ്: രാത്രി ടെറസില്‍ നില്‍ക്കുകയായിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഫ്‌ലാറ്റിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, മൂന്ന് ഡിഗ്രി വിദ്യാര്‍ഥികള്‍ പിടിയില്‍.

ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയില്‍ കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞദിവസമാണ് സംഭവം.

16കാരിയായ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. പെണ്‍കുട്ടി താമസിക്കുന്ന അതേ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരായ വിദ്യാര്‍ഥികളാണ് പ്രതികള്‍. സംഭവത്തില്‍ മൂന്ന് യുവാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു.

ബുലന്ദ്ഷഹര്‍ സ്വദേശികളായ വിദ്യാര്‍ഥികള്‍ അഞ്ച് മാസം മുമ്ബാണ് ഈ ഫ്‌ലാറ്റില്‍ താമസിക്കാനെത്തിയത്. കഴിഞ്ഞദിവസം രാത്രി ടെറസില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇവിടെയെത്തിയ പ്രതികള്‍ വായ പൊത്തി വലിച്ചിഴച്ചുകൊണ്ടുപോയി ഫ്‌ലാറ്റിനുള്ളിലിട്ട് മാറി മാറി ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് ഡി.സി.പി നിപുന്‍ അഗര്‍വാള്‍ പറഞ്ഞു.

അഞ്ച് വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബം ഈ അപ്പാര്‍ട്ട്‌മെന്റിന്റെ ഒന്നാം നിലയിലാണ് താമസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാത്രി ഉറങ്ങാന്‍ പോകവെ മകള്‍ മുറിയില്‍ ഇല്ലെന്ന് മനസിലാക്കിയ മാതാപിതാക്കള്‍ ഉടന്‍ ടെറസില്‍ പോയി നോക്കിയെങ്കിലും പെണ്‍കുട്ടിയെ കാണാനായില്ല. ഒരു മണിയോടെയായിരുന്നു ഇത്.

മകളെ കാണാനില്ലെന്ന് മനസിലാക്കിയ മാതാപിതാക്കള്‍ രാത്രി തന്നെ റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡുകളിലും തെരഞ്ഞു. മകളുടെ കൂട്ടുകാരെയും കൂട്ടി മറ്റ് സ്ഥലങ്ങളിലും തെരച്ചില്‍ നടത്തി. എന്നാല്‍ കണ്ടെത്താന്‍ സാധിച്ചില്ല- അഗര്‍വാള്‍ പറഞ്ഞു.

തുടര്‍ന്ന് പിറ്റേദിവസം രാവിലെ മാതാവ് വീണ്ടും ടെറസില്‍ പോയി നോക്കിയെങ്കിലും മകളെ കണ്ടില്ല. തിരിച്ചിറങ്ങി വരവെ, ബി.കോം വിദ്യാര്‍ഥികള്‍ താമസിക്കുന്ന നാലാം നിലയിലെ ഫ്‌ലാറ്റിനുള്ളില്‍ നിന്ന് മകളുടെ കരച്ചില്‍ കേട്ടു. ഇതോടെ പലതവണ വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന് അയല്‍ക്കാരെ കൂട്ടിയെത്തി വാതില്‍ ചവിട്ടിത്തുറന്നതോടെയാണ് പെണ്‍കുട്ടിയെ കണ്ടെത്താനായത്.

വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ് ദേഹമാസകലം മുറിവേറ്റ് കൂട്ടബലാത്സംഗത്തിനിരയായി കിടക്കുന്ന 16കാരിയെയാണ് മാതാപിതാക്കള്‍ക്കും അയല്‍ക്കാര്‍ക്കും കാണാനായത്. ഇതോടെ ഇവര്‍ മൂന്ന് യുവാക്കളേയും പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയുമായിരുന്നു.

യുവാക്കള്‍ക്കെതിരെ കേസെടുത്ത പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മാതാപിതാക്കളുടെ പരാതിയില്‍ ഐ.പി.സി 376 (ബലാത്സംഗം), 506 (തടഞ്ഞുവയ്ക്കല്‍) എന്നിവയും പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.