സൂറത്ത്: ഗുജറാത്തിലെ വജ്രവ്യവസായിയുടെ ഒൻപതു വയസ്സുകാരി മകൾ സന്യാസവ്രതം സ്വീകരിച്ചു. ജെയിൻ മതാനുയായികളായ ധനേഷ് സംഘ്‌വിയുടെയും അമിയുടെയും രണ്ടുപെൺമക്കളിൽ മൂത്തയാളായ ദേവാൻഷിയാണ് സന്യസ്ഥ ജീവിതത്തിലേക്കു പ്രവേശിച്ചത്. ജെയിൻ സന്യാസ ആചാര്യൻ വിജയ് കിർതിയാഷ്സുരിയുടെയും നൂറോളം അനുയായികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സൂറത്തിലെ വേസു എന്ന സ്ഥലത്തായിരുന്നു ചടങ്ങ്.
മുപ്പതുവർഷമായി വജ്രവ്യവസായ രംഗത്തുള്ള സംഘ്‌വി ആൻഡ് സൺസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് പിതാവ്. ഡയമണ്ട് പോളിഷിങ്ങും കയറ്റുമതിയുമാണ് ഇവരുടെ പ്രധാന വ്യവസായം. ‘ദിക്ഷ’ ചടങ്ങ് നടത്തിയതോടെ പിതാവും കുടുംബവും നൽകിയ എല്ലാ ആഡംബരങ്ങളും സുഖസൗകര്യങ്ങളും ദേവാൻഷി വെടിയും.
വളരെ ചെറിയ പ്രായത്തിൽത്തന്നെ ആത്മീയജീവിതത്തിലേക്കുള്ള ചായ്‌വ് പ്രകടിപ്പിച്ചയാളാണ് ദേവാൻഷിയെന്ന് കുടുംബത്തെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സന്യാസ ജീവിതത്തിലേക്കു പ്രവേശിക്കുന്നതിനു വളരെ മുൻപ് തന്നെ മറ്റു സന്യാസികൾക്കൊപ്പം 700 കിലോമീറ്റർ ദൂരം ദേവാൻഷി കാൽനടയായി യാത്രചെയ്തിട്ടുണ്ട്. മറ്റുപല കഴിവുകൾക്കുമൊപ്പം അഞ്ച് ഭാഷകളും ഈ ചെറുപ്രായത്തിൽത്തന്നെ ദേവാൻഷി വശത്താക്കിയിരുന്നു. ദേവാൻഷിക്ക് നാലുവയസ്സുകാരിയായ ഒരു അനുജത്തി കൂടിയുണ്ട്.