ത്രിപുരയിൽ ഫെബ്രുവരി 16നും നാഗാലാൻഡിലും മേഘാലയയിലും 27നും വോട്ടെടുപ്പ്; ഫലം മാർച്ച് 2ന്

Advertisement

ന്യൂ‍‍ഡൽഹി: ത്രിപുര, മേഘാലയ, നാഗാലൻഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി 16ന് വോട്ടെടുപ്പ് നടത്തും. വിജ്ഞാപനം ജനുവരി 21ന്. നാമനിർദേശ പത്രിക 30 വരെ നൽകാം. നാഗാലാൻഡിലും മേഘാലയയിലും ഫെബ്രുവരി 27നായിരിക്കും വോട്ടെടുപ്പ്. 31 വരെ നാമനിർദേശ പത്രിക നൽകാം. മാർച്ച് രണ്ടിനായിരിക്കും മൂന്നു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണൽ. മൂന്നു സംസ്ഥാനങ്ങളിലെയും നിയസഭയുടെ കാലാവധി മാർച്ചിലാണ് അവസാനിക്കുന്നത്.

ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ ആണ് തീയതികൾ പ്രഖ്യാപിച്ചത്. 300 പോളിങ് സ്റ്റേഷന്റെ മുഴുവൻ നിയന്ത്രണം വനിതകൾക്കായിരിക്കും. എല്ലാ പോളിങ് സ്റ്റേഷനിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. താൽക്കാലിക സൗകര്യങ്ങൾ ഒരുക്കാതെ സ്ഥിരം സംവിധാനം ഒരുക്കാനാണ് കമ്മീഷൻ ആലോചിക്കുന്നത്. സ്കൂളുകൾക്കും മറ്റും കുടിവെള്ളം, ശൗചാലയം തുടങ്ങിയ സൗകര്യം തുടർന്നും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലായിരിക്കും സൗകര്യം ഒരുക്കുന്നത്. ഭിന്നശേഷിക്കാർക്കും ആവശ്യമായ സൗകര്യം ഒരുക്കും.

കശ്മീരിൽ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സുരക്ഷ, കാലാവസ്ഥ, മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് എന്നിവ കണക്കിലെടുത്തായിരിക്കും തിരഞ്ഞെടുപ്പ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

ത്രിപുരയിൽ ബിജെപി സർക്കാരും മേഘാലയ, നാഗാലൻഡ് സംസ്ഥാനങ്ങളിൽ ബിജെപി സഖ്യസർക്കാരുമാണ് ഭരിക്കുന്നത്. ഇടതുപക്ഷത്തിന്റെ രണ്ടര പതിറ്റാണ്ട് നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചാണ് 2018–ൽ ബിജെപി ത്രിപുര പിടിച്ചെടുത്തത്. ഇത്തവണയും ബിജെപിക്ക് കാര്യമായ പ്രതീക്ഷകളുണ്ട്. ഇതിനൊപ്പം ഇടതുപക്ഷവും കോൺഗ്രസും തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.

മേഘാലയിൽ 2018ൽ കേവലം രണ്ടു സീറ്റിൽ മാത്രമാണ് ജയിച്ചതെങ്കിലും നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി)യുമായി ചേർന്ന് ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു. മുൻ ലോക്സഭാ സ്പീക്കറും മുൻ മുഖ്യമന്ത്രിയും പാർട്ടി സ്ഥാപകനുമായ പി.എ സാങ്മയുടെ മകൻ കൊൺറാഡ് സാങ്മ മുഖ്യമന്ത്രിയായി.60 അംഗ നിയമസഭയിൽ കോൺഗ്രസ് 21 സീറ്റുകൾ നേടിയെങ്കിലും ഭരണമുറപ്പിക്കാനായില്ല.

2018–ലെ തിരഞ്ഞെടുപ്പിനു മുൻപു രൂപീകരിച്ച നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി)യും ബിജെപിയും ചേർന്ന സഖ്യമാണ് നാഗാലൻഡിൽ ഭരണം. 2018–ൽ 12 സീറ്റുകൾ നേടി ബിജെപി ശക്തി തെളിയിച്ചിരുന്നു.