മൂന്ന് ഭാര്യമാരുണ്ടെന്ന് നാലാം ഭാര്യ അറിഞ്ഞു, പിന്നാലെ ഫോണിൽ മുത്തലാഖ്; യുവാവിനെതിരെ കേസ്

Advertisement

ഇൻഡോർ: ഭാര്യയെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം ഒഴിവാക്കിയതിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഇൻഡോർ സ്വദേശിയായ ഇമ്രാൻ എന്ന 32 കാരനെതിരെയാണ് കേസ്. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ടതായിരുന്നു ഇമ്രാനും പരാതിക്കാരിയായ യുവതിയും. തുടർന്ന് ഇരുവരും വിവാഹിതരായി.

എന്നാൽ ഇമ്രാന് താനല്ലാതെ മറ്റ് മൂന്ന് ഭാര്യമാർ കൂടിയുണ്ടെന്ന് അറിഞ്ഞതോടെ യുവതി നിരാശയായി. ഇക്കാര്യത്തെ ചൊല്ലി ഇരുവരും വഴക്കായതിന് പിന്നാലെ തലാഖ് എന്ന് മൂന്ന് വട്ടം ഫോണിൽ മെസേജ് അയച്ച് ഇമ്രാൻ ബന്ധം അവസാനിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ അജ്മീർ സ്വദേശിക്കും പങ്കുണ്ടെന്ന ആക്ഷേപത്തെ തുടർന്ന് അയാൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

മുസ്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ നിയമം അനുസരിച്ച് മുത്തലാഖ് വഴി ബന്ധം വേർപെടുത്തുന്നത് മൂന്ന് വർഷം വരെ ജയിൽവാസം ലഭിക്കാവുന്ന കുറ്റമാണ്. വാക്കുകൾ വഴിയോ ടെലിഫോൺ കോൾ വഴിയോ എഴുത്തിലോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്സാപ്, എസ്എംഎസ് വഴിയോ തലാഖ് ചൊല്ലിയാലും അതു നിയമവിധേയമല്ലെന്നും 2019 ൽ കേന്ദ്രസർക്കാർ പാസാക്കിയ നിയമം പറയുന്നു.