സഹയാത്രികൻ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ

Advertisement

ന്യൂഡൽഹി: വിമാനത്തില്‍ സഹയാത്രികയ്ക്കുനേരെ മദ്യലഹരിയിൽ സഹയാത്രികൻ മൂത്രമൊഴിച്ച കേസില്‍ എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). സംഭവത്തിൽ എയർ ഇന്ത്യയോടു വിശദീകരണം തേടിയ ശേഷമാണ് ചട്ടലംഘനത്തിന് 30 ലക്ഷം രൂപ പിഴ ചുമത്തിയത്. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാത്തതിന് എയർ ഇന്ത്യയ്‌ക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. നവംബർ 26ന് നടന്ന സംഭവത്തിൽ ജനുവരി 4നാണ് പൊലീസിൽ പരാതി നൽകിയത്.

സംഭവത്തിൽ ഉൾപ്പെട്ട വിമാനത്തിന്റെ പൈലറ്റ് ഇന്‍ കമാന്‍ഡിന്‍റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി. നിയമപ്രകാരമുള്ള കടമ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ഇന്‍ ഫ്ലൈറ്റിന് മൂന്നു ലക്ഷം രൂപ പിഴയും ചുമത്തി.

സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച ശങ്കർ മിശ്രയ്ക്ക് എയർ ഇന്ത്യ നാലു മാസം യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നു. നവംബർ 26ന് ന്യൂയോർക്ക് – ഡൽഹി യാത്രയ്ക്കിടെയാണു ബിസിനസ് ക്ലാസ് യാത്രികനായ ശങ്കർ മിശ്ര സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ചത്. ബഹുരാഷ്ട്ര ധനകാര്യ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശങ്കറിന് സംഭവത്തെത്തുടർന്നു ജോലി നഷ്ടപ്പെട്ടിരുന്നു.