അഹമ്മദാബാദ് : ബോളിവുഡ് താരങ്ങളായ ഷാറുഖ് ഖാനും ദീപിക പദുക്കോണും അഭിനയിക്കുന്ന ‘പഠാൻ’ സിനിമയ്ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ ബജ്‌റംഗ് ദളും വിശ്വ ഹിന്ദു പരിഷത്തും (വിഎച്ച്പി) തീരുമാനിച്ചു. അനാവശ്യ വിവാദങ്ങളിലൂടെ സർക്കാരിന്റെയും പാർട്ടിയുടെയും ജനക്ഷേമ നടപടികളിൽനിന്നു ശ്രദ്ധ തിരിക്കുന്നതിനെതിരെ ബിജെപി നിർവാഹക സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശനമുന്നയിച്ചിരുന്നു. തുടർന്നാണ്, ബുധനാഴ്ച സിനിമ റിലീസ് ചെയ്യാനിരിക്കെ നിലപാട് മാറ്റിയത്. രാജ്യത്തൊരിടത്തും സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്നായിരുന്നു വിഎച്ച്പി നേരത്തേ പറഞ്ഞിരുന്നത്.
‘‘നമ്മൾ കഠിനാധ്വാനം ചെയ്യുന്നതിനിടെ നമുക്കിടയിലെ ചിലർ അനാവശ്യമായി സിനിമകളെപ്പറ്റിയും മറ്റും വിവാദ പ്രസ്താവനകൾ നടത്തുന്നു. പിന്നീട് മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനിൽക്കുന്നത് ആ വിവാദമായിരിക്കും’’– എന്നായിരുന്നു പഠാൻ വിവാദം സൂചിപ്പിച്ചത് മോദി പറഞ്ഞത്. ഗുജറാത്തിൽ ‘പഠാൻ’ റിലീസ് ചെയ്യുന്നതു തടയില്ലെന്നാണു സംഘടനകളുടെ പുതിയ നിലപാട്. വിവാദങ്ങളെ തുടർന്നു സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) സിനിമയിൽ പത്തിലേറെ കട്ടുകൾ നിർദേശിച്ചിരുന്നു. ഇതിൽ തൃപ്തരാണെന്നു ബജ്‌റംഗ് ദളും വിഎച്ച്പിയും പറഞ്ഞു.
സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം കത്തിപ്പടർന്നത്. ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞു ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു വിഎച്ച്പിയുടെ ആരോപണം. ഷാറുഖും ദീപികയും പരസ്യമായി മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു. ബജ്‌റംഗ് ദളിന്റെ പ്രതിഷേധത്തെ തുടർന്ന് പാട്ടിലെ അശ്ലീല വാക്കുകളും മറ്റും സെൻസർ ബോർഡ് നീക്കിയെന്നും ഇതു ശുഭ വാർത്തയാണെന്നും ഗുജറാത്തിലെ വിഎച്ച്പി നേതാവ് അശോക് റാവൽ പറഞ്ഞു.