ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ 65 പട്രോളിങ് പോയിന്റുകളിൽ 26 എണ്ണത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്കു നഷ്ടപ്പെട്ടുവെന്നു റിപ്പോർട്ട്. ചൈനയുമായുള്ള അതിർത്തി തർക്കം സങ്കീർണമായി തുടരുന്നതിനിടെ പുറത്തു വന്ന റിപ്പോർട്ട് ഗൗരവകരമാണെന്ന് ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. 3,500 കിലോമീറ്ററാണ് ഇന്ത്യ – ചൈന അതിർത്തി.
കാരക്കോറം പാസ് മുതൽ ചുമുർ വരെ നിലവിൽ 65 പട്രോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 5–17, 24–32, 37 എന്നീ പോയിന്റുകളാണു പട്രോളിങ് മുടങ്ങിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായതെന്ന് ലേയിലെ എസ്പി പി.ഡി. നിത്യ പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച ഡൽഹിയിൽ നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ വിവരങ്ങളാണു പുറത്തു വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.
പട്രോളിങിന് പോകാത്തതും ഇന്ത്യൻ പൗരൻമാരെ സ്ഥിരമായി കാണാത്തതുമായ സ്ഥലങ്ങൾ ചൈനയുടെ നിയന്ത്രണത്തിൽ ദീർഘകാലമായി ഉള്ളതാണെന്ന് അവർ നിർബന്ധിതമായി അടിച്ചേൽപ്പിച്ചുവെന്നും ക്രമേണ ഇവിടങ്ങളിലേക്കു ചൈനീസ് സൈന്യം എത്തിയെന്നും റിപ്പോർട്ട് പറയുന്നു. ബഫർസോണിൽ പോലും ഇന്ത്യൻ പട്രോളിങ് ചൈന എതിർക്കുന്നുണ്ടെന്നും അത് അവരുടെ സ്ഥലമാണെന്ന് അവകാശപ്പെടുന്നതിനൊപ്പം പിൻവാങ്ങൽ ഉറപ്പാക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ഈ തന്ത്രം ഗാൽവനിൽ ചൈന പ്രയോഗിച്ചതാണെന്നും എസ്പി കൂട്ടിച്ചേർത്തു. 400 മീറ്റർ പിൻവാങ്ങിയാൽ അതിർത്തിയിൽ 4 വർഷം സമാധാനം ഉറപ്പ് വരുത്താൻ കഴിയുമെന്നും അങ്ങനെ നോക്കിയാൽ അത് മെച്ചമുള്ളതാണെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി
അതേസമയം, പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. തർക്കങ്ങളിൽ നയതന്ത്ര പരിഹാരം കൊണ്ടുവരുന്നതിന്റെ ഭാഗമായി ചില മേഖലകളിൽ പട്രോളിൽ നിയന്ത്രിച്ചിട്ടുണ്ടെന്നും എന്നാൽ ഇന്ത്യയുടെ ഭൂമി നഷ്ടപ്പെട്ടിട്ടില്ലെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.