ന്യൂഡൽഹി: മോദിയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ സംഘർഷാവസ്ഥ. ഡോക്യുമെൻററി പ്രദർശിപ്പിക്കാൻ സർവകലാശാല അധികൃതർ അനുമതി നിഷേധിച്ചിട്ടും വിദ്യാർഥികൾ സംഘടിച്ചെത്തിയതിനെ തുടർന്നാണ് പോലീസുമായി സംഘർഷമുണ്ടായത്. തുടർന്ന് അഞ്ചു വിദ്യാർഥികളെ കരുതൽ തടങ്കലിലാക്കി.
എസ്.എഫ്.ഐ, എൻ.എസ്.യു എന്നീ സംഘടനകളാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അനുമതി തേടിയത്. എന്നാൽ അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്ന് ഈ സംഘടനകളുടെ വിദ്യാർഥി നേതാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.എഫ്.ഐയുടെ നാലു നേതാക്കളും എൻ.എസ്.യുവിന്റെ ഒരു നേതാവും അറസ്റ്റിലായി. അസീസ്, നിവേദ്യ, അഭിരാം, തേജസ് എന്നിവരാണ് അറസ്റ്റിലായത്.
വിദ്യാർഥികളെ അറസ്റ്റു ചെയ്തതിനെതിരെ ഇരു സംഘടനകളും സംയുക്തമായി പ്രതിഷേധത്തിനൊരുങ്ങുകയാണ്. വിദ്യാർഥി പ്രതിഷേധം കണക്കിലെടുത്ത് വിദ്യാർഥികൾ കൂട്ടംകൂടുന്നത് സർവകലാശാലയിൽ വിലക്കി. ക്യാമ്പസ് ഗേറ്റുകൾ അടച്ചിട്ടുണ്ട്. പ്രതിഷേധത്തെ മുന്നിൽ കണ്ട് ഗ്രനേഡുൾപ്പടെ വൻ സന്നാഹങ്ങളുമായി ക്യാമ്പസ് പരിസരത്ത് പോലീസിനെ സജ്ജമാക്കി.
കസ്റ്റഡിയിൽ എടുത്ത വിദ്യാർഥികളെ മോചിപ്പിക്കണെമന്നും ക്യാമ്പസിൽ ജനാധിപത്യം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട വിദ്യാർഥികൾ ക്യാമ്പസിൽ പ്രതിഷേധിച്ചിരുന്നു. ആറു മണിക്കാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് അറിയിച്ചത്. എന്നാൽ ക്യാമ്പസിലെ ലൈബ്രറിയുൾപ്പടെ പൂട്ടിയതിനാൽ പ്രദർശനം നടന്നില്ല