ബെംഗളുരു: യാത്രക്കാരെ കയറ്റാൻ മറന്ന ഗോ ഫസ്റ്റ് എയർലൈൻസിന് 10 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ. 55 യാത്രക്കാരെ കയറ്റാതെ ബെംഗളൂരുവിൽ നിന്ന് വിമാനം പുറപ്പെട്ടതിനാണ് നടപടി. ജനുവരി ഒൻപതാം തിയതി ബെംഗളുരുവിൽ നിന്ന് ദില്ലിയിലേക്ക് ടിക്കറ്റെടുത്ത 55 യാത്രക്കാർ വിമാനത്തിന്റെ അടുത്തേക്ക് എത്തിക്കുന്ന ബസിൽ ഉണ്ടായിരുന്ന സമയത്താണ് വിമാനം ടേക്ക് ഓഫ് ചെയ്ത് പോയത്. ഇവരെ വിമാനത്തിനുള്ളിലേക്ക് കയറ്റാതെ വിമാനം പുറപ്പെട്ടത് കണ്ട് കാര്യം മനസിലാകാത്ത അവസ്ഥയിലായിരുന്നു ബസിലെ വിമാനക്കമ്പനി ജീവനക്കാരും ടിക്കറ്റെടുത്ത യാത്രക്കാരും.
ജി 8 116 വിമാനമാണ് യാത്രക്കാരെ മറന്ന് പറന്നുയർന്നത്. പുലർച്ചെ 6.30നുള്ള സർവ്വീസിന് തയ്യാറായി എത്തിയ യാത്രക്കാർക്ക് പിന്നീട് മണിക്കൂറുകൾ വൈകിയാണ് മറ്റ് വിമാനങ്ങളിൽ സീറ്റ് നേടാനായത്. ഇതോടെ വ്യോമയാന മന്ത്രിയേയും പ്രധാനമന്ത്രിയേയും ടാഗ് ചെയ്ത് യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. സംഭവത്തിൽ ഗോ ഫസ്റ്റ് എയർവേസിന് ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
യാത്രക്കാരെയും കാർഗോയേയും കൃത്യമായി കൈകാര്യം ചെയ്യുന്നതിൽ വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ വിശദമാക്കി. യാത്രക്കാരെ വിമാനത്തിൽ കയറ്റുന്നതിനും ലിസ്റ്റ് ചെയ്യുന്നതിലും വീഴ്ചയുണ്ടായി. ശരിയായ രീതിയിലുള്ള ആശവിനിമയം നടക്കാത്തതാണ് ഇത്തരമൊരു വീഴ്ചയ്ക്ക് കാരണമായത്. ടെർമിനൽ കോർഡിനേറ്ററും കൊമേഴ്സ്യൽ സ്റ്റാഫിനും വീഴ്ച സംഭവിച്ചുവെന്നും ഡിജിസിഎ വിശദമാക്കുന്നത്.