ചവറ: പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്ത യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നീണ്ടകര വേട്ടുതറയിൽ സൂര്യ പ്രസ് നടത്തിയിരുന്ന ചവറ കുരിശുംമൂട് സൂര്യവസന്തവിലാസത്തിൽ പരേതനായ വിജയതുളസിയുടെയും രമ്യയുടെയും മകൻ അശ്വന്ത് വിജയനാ(22)ണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് സുഹൃത്തുക്കൾ അശ്വന്തിന്റെ മൃതദേഹവുമായി പോലീസ് സ്റ്റേഷനിലെത്തി. ചവറ പോലീസിനെതിരേ അന്വേഷണം വേണമെന്ന് ബന്ധുക്കളും വിവിധ പാർട്ടിപ്രവർത്തകരും ആവശ്യപ്പെട്ടു. സംഭവത്തില്‍ അഡീഷണൽ കമ്മീഷണറോട് ദക്ഷിണമേഖലാ ഡിഐജി റിപ്പോർട്ട് തേടി.
അഡീഷണൽ കമ്മീഷണർ സോണി ഉമ്മൻ കോശി ഇന്ന് ചവറ സ്റ്റേഷനിലെ സിസിടിവി ദൃശ്യങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കും. ചവറ സി.ഐ വിപിന്റേയും,അശ്വന്തിന്റെ സുഹൃത്തുക്കളുടേയും മൊഴിയെടുക്കും.
നാളെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.വെള്ളിയാഴ്ച രാവിലെയാണ് അശ്വന്തിനെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ചവറ സ്വദേശിയായ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകളുമായി സൗഹൃദത്തിലായിരുന്നതിന്റെ പേരിൽ അശ്വന്തിനെതിരേ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ചവറ പോലീസ് അശ്വന്തിനെ വ്യാഴാഴ്ച സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.
കൂട്ടുകാർക്കൊപ്പം സ്റ്റേഷനിലെത്തിയ അശ്വന്തിന്റെ ഫോൺ സ്റ്റേഷനിൽ പിടിച്ചുവെച്ചു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന്റെ വിഷമത്തിൽ അശ്വന്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പെൺകുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചില്ലെങ്കിൽ പോക്‌സോ അടക്കമുള്ള കേസുകളിൽപ്പെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായി അശ്വന്ത് പറഞ്ഞിരുന്നെന്നു ബന്ധുക്കൾ അറിയിച്ചു.
ഉന്നത പോലീസുദ്യോഗസ്ഥരെത്തി ചർച്ച നടത്തി അന്വേഷണം നടത്താമെന്ന ഉറപ്പിന്മേൽ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. സംഭവമറിഞ്ഞ് ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ., മുൻമന്ത്രി ഷിബു ബേബിജോൺ എന്നിവരും സ്ഥലത്തെത്തിയിരുന്നു. ആത്മഹത്യക്കു ശ്രമിച്ച പെൺകുട്ടി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടർന്ന് അശ്വന്തിനെ വിളിച്ചുവരുത്തി കാര്യങ്ങൾ തിരക്കുകമാത്രമാണ് ചെയ്തതെന്ന് ചവറ പോലീസ് പറഞ്ഞു. മാനസികമായോ ശാരീരികമായോ യുവാവിനെ വേദനിപ്പിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
പോലീസിന്റെ മാനസികസമ്മർദം കാരണം ആത്മഹത്യചെയ്ത യുവാവിന് നീതി കിട്ടുന്നതരത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം അശ്വന്തിനെ ഭീഷണിപ്പെടുത്തുകയും ഫോൺ വാങ്ങിവെക്കുകയും ചെയ്തതിന്റെ മാനസികാഘാതത്തിലാണ് ഒരുയുവാവിന്റെ ജീവൻ ഇല്ലാതായത്-എം.പി.പറഞ്ഞു.
ഇടതുപക്ഷസർക്കാരിന്റെ പോലീസ് നയങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ചവറ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാരിന്റെ നല്ലപ്രവർത്തനങ്ങളെ വെല്ലുവിളിക്കുന്ന ചില പോലീസുകാരാണ് എല്ലാ പ്രശ്‌നത്തിനും വഴിവെക്കുന്നതെന്നു നേതാക്കൾ പറഞ്ഞു.
ഓച്ചിറയിലും ചവറയിലും പോലീസുകാർക്കെതിരേ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പ്രാഥമികവിവരങ്ങൾ ശേഖരിച്ചു. ഡി.ഐ.ജി. ആർ.നിശാന്തിനി, സിറ്റി പോലീസ് കമ്മിഷണർ മെറിൻ ജോസഫ് എന്നിവരാണ് കരുനാഗപ്പള്ളി എ.സി.പി. ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചത്.
പോലീസിനെതിരേ ആത്മഹത്യക്കുറിപ്പ് എഴുതിവെച്ചശേഷം വിഷക്കായ കഴിച്ചു പ്ലസ്വൺ വിദ്യാർഥി ആത്മഹത്യക്കു ശ്രമിച്ച സംഭവം ഓച്ചിറയ്ക്കടുത്താണ് നടന്നത്. ചവറയിൽ യുവാവിന്റെ മരണത്തിനുപിന്നിൽ പോലീസിന്റെ മാനസികപീഡനമുണ്ടെന്ന് ബന്ധുക്കളുടെ ആരോപണവും ഉയർന്നിരുന്നു.