വിവാഹേതര ബന്ധം; സൈനികർക്കെതിരെ നടപടിയെടുക്കാം: വ്യക്തത വരുത്തി സുപ്രീം കോടതി

Advertisement

ന്യൂഡൽഹി: വിവാഹേതര ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സൈനികർക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രീം കോടതി. വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ 2018ലെ സുപ്രധാന വിധിയിൽ ഭരണഘടനാ ബെഞ്ച് വ്യക്തത വരുത്തി. ജസ്റ്റിസ് കെ.എം.ജോസഫിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2018ലെ വിധി സായുധസേനാ നിയമങ്ങളിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ടതല്ലെന്ന് ഭരണഘടന ബെഞ്ച് വ്യക്തമാക്കി. സഹപ്രവർത്തകന്റെ ഭാര്യയുമായുള്ള വിവാഹേതര ബന്ധം സായുധ സേനാ നിയമങ്ങൾ പ്രകാരം കുറ്റകരമാണ്.

2018ൽ ജോസഫ് ഷൈൻ എന്നയാളുടെ ഹർജി പരിഗണിക്കവേ വിവാഹേതര ബന്ധം സംബന്ധിച്ചുള്ള ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 497 ഭരണഘടനാവിരുദ്ധമാണെന്നു കാട്ടി കോടതി എടുത്തുകളഞ്ഞിരുന്നു. എന്നാൽ സായുധ സേനാംഗങ്ങൾക്ക് ഇത് ബാധകമാണോയെന്ന് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ ഹർജിയിലാണ് ഇപ്പോൾ കോടതിയുടെ സുപ്രധാന വിധി. 2018ലെ വിധിയിൽനിന്ന് സായുധ സേനയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് കോടതിയെ സമീപിച്ചത്.

മറ്റൊരാളുടെ ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497–ാം വകുപ്പും ക്രിമിനൽ നടപടി ചട്ടത്തിലെ 198(2) വകുപ്പും ഭരണഘടനാ വിരുദ്ധമെന്നാണ് 2018 സെപ്റ്റംബർ 27നാണ് സുപ്രീം കോടതി വിധിച്ചത്. ജസ്റ്റിസ് നരിമാൻ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതായിരുന്നു വിധി.

എന്നാൽ, കുടുംബം വഴിവിട്ട നടപടികളിൽ ഏർപ്പെടുമോയെന്ന ആശങ്കയിലായിരിക്കും പോരാട്ട മേഖലയിലുൾപ്പെടെ ജോലി ചെയ്യുന്ന സൈനികരെന്നും സൈനികരുടെ കുടുംബത്തെ സഹായിക്കുന്ന പ്രാദേശിക യൂണിറ്റുകളിലുള്ളവരുടെ ഭാഗത്തുനിന്ന് പെരുമാറ്റദൂഷ്യമുണ്ടാകാൻ സാധ്യതയുണ്ടെന്നും കേന്ദ്രത്തിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.