മുംബൈ: അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ ഓഹരി വില്‍പന റദ്ദാക്കിയിട്ടും അദാനി ഓഹരികളില്‍ തകര്‍ച്ച തുടരുന്നു. അദാനി എന്റര്‍പ്രൈസസ് ഓഹരി വില 26 ശതമാനത്തോളം ഇടിഞ്ഞു. അദാനി എന്റര്‍പ്രൈസസിനു പുറമേ അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ ഓഹരികളും പത്തുശതമാനത്തോളം ഇടിഞ്ഞു. അദാനി പോര്‍ട്സ്, അദാനി പവര്‍ തുടങ്ങിയ ഓഹരികള്‍ അഞ്ചു ശതമാനത്തിലേറെ നഷ്ടത്തിലാണ്. അദാനി ഗ്രൂപ്പിന് വായ്പ നല്‍കിയിട്ടുണ്ടെങ്കില്‍ അറിയിക്കാന്‍ റിസര്‍വ് ബാങ്ക്, ബാങ്കുകളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഏഴര ലക്ഷം കോടിയോളം രൂപയാണ് അദാനി ഗ്രൂപ്പിന്റെ മൂല്യത്തില്‍ ഇടിവുണ്ടായത്. ഓഹരി വിപണിയിലും ചാഞ്ചാട്ടം തുടരുകയാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 430 പോയിന്റും നിഫ്റ്റി 150 പോയിന്റും ഇടിഞ്ഞെങ്കിലും പിന്നീട് നഷ്ടം കുറച്ചു.
അതിനിടെ സ്വര്‍ണവില ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5,360 ആയി. പവന് 480 രൂപ ഉയര്‍ന്ന് 42,880 ആയി. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചതാണ് ആഗോളതലത്തില്‍ സ്വര്‍ണവില ഉയരാന്‍ കാരണം. നാണ്യപ്പെരുപ്പം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് 4.5ല്‍ നിന്ന് 4.75 ശതമാനമായി ഉയര്‍ത്തിയത്.