തൊഴിൽ മന്ത്രാലയത്തിനു കീഴിൽ ശിശുക്ഷേമത്തിന് വകയിരുത്തിയത് കുറവ്; ആശങ്കയുമായി ബച്പൻ ബച്ചാവോ ആന്ദോളൻ

Advertisement

ന്യൂഡ‍ൽഹി: തൊഴിൽ മന്ത്രാലയത്തിനു കീഴിൽ ശിശുക്ഷേമത്തിന് അനുവദിച്ചിരുന്ന തുകയിൽ കുറവു വരുത്തിയതിൽ ആശങ്കയുമായി ബച്പൻ ബച്ചാവോ ആന്ദോളൻ(ബിബിഎ). നൊബേൽ പുരസ്കാര ജേതാവ് കൈലാഷ് സത്യാർഥി സ്ഥാപിച്ച സംഘടനയാണു ബിബിഎ. ബുധനാഴ്ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ തൊഴിൽ മന്ത്രാലയത്തിന് അനുവദിച്ച വിഹിതം കഴിഞ്ഞ തവണ അനുവദിച്ചതിനെക്കാൾ 33% കുറവാണ്.

ഇതു തൊഴിൽ മന്ത്രാലയത്തിനു കീഴിലുള്ള എല്ലാ വിഭാഗങ്ങളെയും ബാധിക്കും. ‘ബാലവേല രഹിത ലോകം’ സാധ്യമാക്കാനുള്ള യുഎന്നിന്റെ ലക്ഷ്യത്തെയും ഗുരുതരമായി ഇതു ബാധിക്കും. 2025ൽ ഈ ലക്ഷ്യം കരസ്ഥമാക്കാനാണ് യുഎൻ പദ്ധതി.
2021–22ൽ ഈ വിഹിതം 120 കോടി രൂപയായിരുന്നു. കഴിഞ്ഞ ബജറ്റിൽ ഇത് വെട്ടിക്കുറച്ച് 30 കോടിയാക്കി. ഈ ബജറ്റിൽ വെറും 20 കോടിയാണ് അനുവദിച്ചിരിക്കുന്നത്. കുട്ടികളെ കടത്തുന്നതും ബാലവേലയും ഇല്ലതാക്കാൻ വിഹിതം കുറഞ്ഞത് പ്രതിസന്ധിയുണ്ടാക്കും.

അതേസമയം, ശിശുക്ഷേമത്തിന് 12% അനുവദിച്ചത് പ്രതീക്ഷ പകരുന്നതാണെന്നും ബിബിഎ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയത്തിന് 12% വർധനവ് അനുവദിച്ചെങ്കിലും 18 വയസ്സുവരെയുള്ള പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള പ്രത്യേക പദ്ധതികൾ തയാറാക്കിയിട്ടില്ല. ഇതു ശൈശവ വിവാഹങ്ങളെ തടയാൻ പര്യാപ്തമല്ല, ബിബിഎ ചൂണ്ടിക്കാട്ടുന്നു.

Advertisement