ഗോവയിലെ പ്രിയപ്പെട്ട വീട് ഉപേക്ഷിക്കുന്നെന്ന് ഫ്രഞ്ച് നടി

Advertisement

പനജി: ഗോവയിൽ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കത്തിലുള്ള ഭൂമിയും വീടും ഉപേക്ഷിക്കുകയാണെന്ന് ഫ്രഞ്ച് നടിയ മരിയൻ ബോർഗോ. വസ്തു തർക്കത്തെ തുടർന്ന് ഒരു കൂട്ടം ആളുകൾ ചേർന്ന് തന്നെ ബന്ധിയാക്കിയതായി എഴുപത്തഞ്ചുകാരിയായ ഫ്രഞ്ച് നടി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീട് ഉപേക്ഷിക്കുന്നതായി അവർ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങളിലുള്ള ഇന്ത്യ ഇതല്ലെന്നും മരിയൻ ബോർഗോ വിമർശിച്ചു.

ഉത്തര ഗോവയിൽ കലൻഗൂട്ട് ബീച്ചിനു സമീപം മരിയൻ ബോർഗോ വാങ്ങിയ വീടുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലാണ് തന്നെ ബന്ധിയാക്കിയതെന്നാണ് നടിയുടെ ആരോപണം. ഗോവൻ തലസ്ഥാനമായ പനജിക്കു സമീപമുള്ള വിനോദസഞ്ചാര കേന്ദ്രമാണ് കലൻഗൂട്ട്. 2008ൽ ഇവിടെ വാങ്ങിയ വീട്ടിൽ തന്നെ ബന്ധിയാക്കിയെന്നാണ് ഇവർ കഴിഞ്ഞയാഴ്ച ആരോപണം ഉന്നയിച്ചത്. വീടിന്റെ മുൻ ഉടമയുടെ ഭാര്യയാണ് പ്രശ്നങ്ങൾക്കു കാരണമെന്നാണ് ഇവരുടെ വാദം.

താൻ വാങ്ങിയ വീടിൻമേൽ വ്യാജ ഉടമസ്ഥാവകാശം ഉന്നയിക്കുന്ന ആളുകൾ ചേർന്ന് വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും കുടിവെള്ള വിതരണവും തടസ്സപ്പെടുത്തിയതായും താൻ ഇരുട്ടിലാണെന്നും ഇവർ പരാതിപ്പെട്ടിരുന്നു. ‘‘മോദി പറയുന്ന ഇന്ത്യ ഇതല്ല. വിനോദ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന ചിത്രമാണ് ഇന്ത്യയെക്കുറിച്ച് മോദി വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കുന്നത്. പക്ഷേ, അടുത്തിടെ എനിക്കുണ്ടായ അനുഭവങ്ങൾ തീർത്തും നിരാശപ്പെടുത്തി’ – നടി പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം, വസ്തുവിനെ ചൊല്ലിയുള്ള തർക്കം കോടതിയിൽ എത്തിയ സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടാനാകില്ലെന്നാണ് പൊലീസിന്റെ നിലപാട്. ഫ്രാൻസിസ്കോ സോസയെന്ന അഭിഭാഷകനിൽനിന്ന് 2008ലാണ് ഈ വീട് വാങ്ങിയതെന്നാണ് ബോർഗോയുടെ ഭാഷ്യം. പ്രശ്നങ്ങളൊന്നുമില്ലാതെ ദീർഘകാലം മുന്നോട്ടു പോയെങ്കിലും, കോവിഡ് കാലത്ത് സോസ മരിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

Advertisement