ഹോട്ടലിൽ തിലകം തൊടാതെ സിറാജും ഉമ്രാൻ മാലിക്കും; വിമർ‌ശനം

Advertisement

നാഗ്പൂർ: ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ഹോട്ടലിലെത്തിയപ്പോൾ, ജീവനക്കാർ നൽകിയ ‘തിലകം’ തൊടാതിരുന്ന മുഹമ്മദ് സിറാജിനും ഉമ്രാൻ മാലിക്കിനുമെതിരെ സമൂഹ മാധ്യമത്തിൽ വിമർശനം. കഴിഞ്ഞ ദിവസം ട്വിറ്ററിലെത്തിയ ഒരു വി‍ഡിയോയിലാണ് ഹോട്ടൽ ജീവനക്കാരി താരങ്ങൾക്കു തിലകം തൊടാൻ ഒരുങ്ങുമ്പോൾ താരങ്ങൾ ഒഴിവായി മാറിപോയത്.

അതിഥികളെ സ്വീകരിക്കാൻ നെറ്റിയിൽ‌ തിലകം തൊടുന്ന രീതിയിൽനിന്ന് താരങ്ങൾ വിട്ടുനിന്നതു ശരിയായില്ലെന്നാണ് ആരാധകരിൽ പലരുടേയും വാദം. ടീം ഇന്ത്യയുടെ ബാറ്റിങ് കോച്ച് വിക്രം റാത്തോറും വേറെ ചില ജീവനക്കാരും തിലകം തൊടുന്നതിൽനിന്ന് ഒഴിവാകുന്നതായി വിഡിയോയിലുണ്ട്. അതേസമയം തിലകം തൊടണോ, വേണ്ടയോ എന്നതു താരങ്ങളുടെ വ്യക്തിപരമായ താൽപര്യമാണെന്നും ചില ആരാധകർ വാദിക്കുന്നു.

ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ– ഗാവസ്കർ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കങ്ങളുമായി നാഗ്പൂരിലാണ് ഇന്ത്യൻ താരങ്ങളുള്ളത്. നാല് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം ഒൻപതിനു നാഗ്പൂരിലാണ്. വിവാഹത്തിനു ശേഷം ടീമിൽ മടങ്ങിയെത്തിയ കെ.എൽ. രാഹുലും, പരുക്കുമാറിയെത്തിയ ഓൾ റൗണ്ടർ‌ രവീന്ദ്ര ജഡേജയും പരിശീലനം തുടങ്ങി.