പത്മ തിളക്കത്തിലും നിറഞ്ഞു, ഒടുവിൽ പുരസ്കാരം ഏറ്റുവാങ്ങാനാകാതെ മടക്കം, നോവോർമ

Advertisement

ചെന്നൈ: ഈ വർഷം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ പുരസ്കാര ജേതാക്കളുടെ കൂട്ടത്തിൽ ആ സ്വരഭംഗിയുമുണ്ടായിരുന്നു, കാലങ്ങളോളം പാട്ടുപുഴയായി പതഞ്ഞൊഴുകിയ വാണി ജയറാം. പതിറ്റാണ്ടുകളുടെ പാട്ടുപാരമ്പര്യമുള്ള ഗായികയ്ക്കു പത്മഭൂഷൺ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഏറെ സന്തോഷത്തോടെയാണു പുരസ്കാര വാർത്തകളോടു പ്രതികരിച്ചത്. എന്നാൽ പുരസ്കാരം ഏറ്റുവാങ്ങാനാകാതെ പാതിയിൽ പൊട്ടിപ്പോയ പാട്ടിന്റെ പട്ടുനൂലിഴയായി മാറി ഇന്ത്യയുടെ പ്രിയപ്പെട്ട വാണി ജയറാം.

പാട്ടുലോകത്തിന് അത്രവേഗം അംഗീകരിക്കാനാകാത്ത വിയോഗമാണ് വാണി ജയറാമിന്റേത്. പല തലമുറകളുടെ സംഗീതാസ്വാദനത്തിനു മധുരം പകർന്ന സ്വരം അപ്രതീക്ഷിതമായി നിലച്ചുപോയതിന്റെ വേദന താങ്ങാനാകുന്നില്ല സ്നേഹിതർക്ക്. മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി ഇരുപതോളം ഇന്ത്യൻ ഭാഷകവിൽ പതിനായിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്.

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്നു തവണ ലഭിച്ചു. പ്രവാഹത്തിലെ ‘മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു’, പിക്‌നിക്കിലെ ‘വാൽക്കണ്ണെഴുതി വനപുഷ്‌പം ചൂടി’, തിരുവോണത്തിലെ ‘തിരുവോണപ്പുലരി തൻ തിരുമുൽകാഴ്‌ച കാണാൻ’, സിന്ധുവിലെ ‘തേടി തേടി ഞാനലഞ്ഞു’… തുടങ്ങിയവയാണു മലയാളത്തിലെ ജനപ്രിയ ഗാനങ്ങള്‍. ഏറെ വർഷങ്ങൾക്കു ശേഷം ‘1983’ എന്ന സിനിയിലൂടെ ആ പെൺസ്വരം മലയാളത്തിൽ തിരിച്ചെത്തിയപ്പോൾ ഹൃദയം കൊണ്ടാണ് പാട്ടുപ്രേമികൾ പ്രിയപ്പെട്ട ‘വാണിയമ്മ’യെ സ്വീകരിച്ചത്.

Advertisement