പ്രണയദിനത്തിൽ പശുവിനെ പുണരൂ; ‘പശു ആലിംഗന ദിനം’ ആചരിക്കാൻ മൃഗസംരക്ഷണ വകുപ്പ് നിർദേശം

Advertisement

ന്യൂഡൽഹി: പ്രണയ ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കാൻ കേന്ദ്ര നിർദേശം. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്. ഫെബ്രുവരി 14നാണ് ലോകമെങ്ങും പ്രണയദിനം ആചരിക്കുന്നത്. മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ലക്ഷ്യമെന്നാണ് വിശദീകരണം. ഇന്ത്യൻ സംസ്കാരത്തിന്റെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോർഡ് അറിയിച്ചു.

കൗ ഹഗ് ഡേ ആചരിക്കാനായി പുറത്തിറക്കിയ സർക്കുലറിൽ പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോർഡ് കുറ്റപ്പെടുത്തുന്നു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം. ഇതു സംബന്ധിച്ച സർക്കുലർ ഫെബ്രുവരി ആറിന് പുറത്തിറങ്ങിയിരുന്നു.

‘‘പാശ്ചാത്യ സംസ്കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാൻ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തിൽ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകും. അതുകൊണ്ട് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാം’’ – സർക്കുലറിൽ പറയുന്നു.

പ്രണയദിനാഘോഷങ്ങൾ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി സംഘടനകൾ നേരത്തേ രംഗത്തെത്തിയിരുന്നു. വലന്റൈൻസ് ദിനം ആഘോഷിക്കാൻ ഒത്തുകൂടുന്ന പ്രണയിനികൾക്കുനേരെ ആക്രമണം ഉണ്ടാകുന്ന സാഹചര്യവും ഉണ്ടായിരുന്നു.