‘രാഷ്ട്രപതിയെ ചിലർ ജാതിപ്പേര് വിളിച്ച് അപമാനിച്ചു; യുപിഎയുടെ 10 വർഷം കുംഭകോണങ്ങളുടേത്’

Advertisement

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ചിലർ ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിൽ രാഷ്ട്രപതിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നും ഇതിലൂടെ വെറുപ്പിന്റെ രാഷ്ട്രീയം പുറത്തുവന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിലാണു പ്രധാനമന്ത്രിയുടെ പരാമർശം. 

‘‘റിപ്പബ്ലിക്കിന്റെ അധ്യക്ഷയെന്ന നിലയിലുള്ള രാഷ്ട്രപതിയുടെ സാന്നിധ്യം ചരിത്രപരവും രാജ്യത്തെ പെൺമക്കൾക്കും സഹോദരിമാർക്കും പ്രചോദനവുമാണ്. ആദിവാസി സമൂഹത്തിന്റെ അഭിമാനം വർധിപ്പിച്ചിരിക്കുകയാണു രാഷ്ട്രപതി. സ്വാതന്ത്ര്യം ലഭിച്ചു വർഷങ്ങൾക്കുശേഷം, ആദിവാസി സമൂഹത്തിന് അഭിമാനബോധവും അവരുടെ ആത്മവിശ്വാസവും വർധിച്ചു. ഇതിനു രാജ്യവും ലോക്സഭയും രാഷ്ട്രപതിയോടു നന്ദിയുള്ളവരാണ്’’– അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ വാക്കുകൾ പരാമർശിച്ച പ്രധാനമന്ത്രി, ഒരു മുതിർന്ന നേതാവ് രാഷ്ട്രപതിയെ അപമാനിച്ചുവെന്നാണ് നിലപാടെടുത്തത്. അവർ വെറുപ്പ് പ്രകടിപ്പിച്ചു. ഇത്തരം കാര്യങ്ങൾ പറഞ്ഞപ്പോൾ ഉള്ളിലെ വെറുപ്പിന്റെ വികാരം പുറത്തുവന്നു. രാഷ്ട്രപതിയുടെ പ്രസംഗം പ്രതിപക്ഷ നേതാക്കാൾ ഒഴിവാക്കിയതിനെയും പ്രധാനമന്ത്രി വിമർശിച്ചു. ചിലയാളുകളുടെ പ്രസംഗം ശ്രദ്ധിച്ചുവെന്നു കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേരുപറയാതെ പ്രധാനമന്ത്രി പരാമർശിച്ചു. അദാനിയും പ്രധാനമന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. 

രാജ്യത്തിന്റെ വളർച്ചയിൽ ചിലർ നിരാശരാണെന്ന് ആരോപിച്ച പ്രധാനമന്ത്രി, തുടർച്ചയായ ജനവിധിയാണ് ഈ നിരാശയ്ക്കു കാരണമെന്നും പറഞ്ഞു. വിലക്കയറ്റവും തൊഴിലില്ലായ്മയും പഴങ്കഥയായി. യുപിഎ സർക്കാരിന്റെ അഴിമതികൾ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി, യുപിഎയുടെ പത്തുവർഷം കുംഭകോണങ്ങളുടേതെന്നാണെന്നും ആരോപിച്ചു. വളരേണ്ട കാലത്ത് 2ജി അഴിമതി നടത്തി. ഇന്ത്യയ്ക്ക് ഇന്നു സുസ്ഥിരതയുണ്ട്. അവരുടെ കാലത്ത് ഭീകരപ്രവർത്തനം ഉണ്ടായിരുന്നു. തൊഴിലില്ലായ്മ രൂക്ഷമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 

മോദിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചാൽ വഴിതെളിയുമെന്ന് ചിലർ കരുതുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. രാജ്യസേവനത്തിനായി സമർപ്പിച്ച ജീവിതമാണിതെന്നും വ്യാജ ആരോപണങ്ങൾ രാജ്യം തള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘മോദി’ വിളിയുമായി ഭരണപക്ഷം പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു കയ്യടിച്ചപ്പോൾ, ‘അദാനി’ വിളിയുമായി പ്രതിപക്ഷം ബഹളം വച്ചു.

Advertisement