ഡൽഹി- മുംബൈ 12 മണിക്കൂർ, എറ്റവും വലിയ അതിവേഗ പാത; ആദ്യഘട്ടം തുറന്ന് മോദി

Advertisement

ന്യൂഡൽഹി: ജയ്പുർ∙ മുംബൈ–ഡൽഹി എക്സ്പ്രസ് വേയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജസ്ഥാനിലെ ദൗസയിലാണ് 1,386 കിലോമീറ്റർ ദൂരമുള്ള എക്സ്പ്രസ് വേയുടെ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചത്. അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപം കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുമെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം(സബ്കാ സാത്, സബ്കാ വികാസ്) എന്നതാണ് ദേശത്തിനുള്ള ഞങ്ങളുടെ മന്ത്രമെന്നും മികച്ച ഭാരത്തിനായി അത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. വികസ്വര ഇന്ത്യയുടെ മഹത്തായ ചിത്രമാണ് ഈ അതിവേഗപാതയെന്നും മോദി കൂട്ടിച്ചേർത്തു.

ഹൈവേ, തുറമുഖങ്ങൾ, റെയിൽവേ, ഒപ്റ്റിക്കൽ ഫൈബർ എന്നിവയിൽ സർക്കാർ നിക്ഷേപിക്കുകയും പുതിയ മെഡിക്കൽ കോളജുകൾ തുറക്കുകയും ചെയ്യുന്നത് വ്യാപാരികൾക്കും ചെറുകിട വ്യവസായികൾക്കും വ്യവസായശാലകൾക്കും ശക്തിപകരും. തൊഴിൽപരമായ ആവശ്യത്തിന് ഡൽഹിലേക്കു പോകുന്നയാൾക്ക് ഇപ്പോൾ അതു തീർത്ത് വൈകിട്ടാകുമ്പോൾ വീട്ടിൽ തിരിച്ചെത്താൻ ഇനി സാധിക്കുമെന്നും മോദി പറഞ്ഞു. അതിവേഗ പാത എത്തുമ്പോൾ അതിനു ചുറ്റുമുള്ള കച്ചവടങ്ങളും അതിലൂടെ മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര മന്ത്രിമാരായ വി.കെ.സിങ്, ഗജേന്ദ്ര സിങ് എന്നിവരും ഉദ്ഘാടനത്തിൽ പങ്കെടുക്കാനെത്തി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ എന്നിവർ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനത്തിന്റെ ഭാഗമായി.

രാജസ്ഥാനിലും മറ്റ് എട്ടു സംസ്ഥാനങ്ങളിലും ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പണിപൂർത്തിയാകുമ്പോൾ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേയാകുന്നതിന്റെ ആദ്യഘട്ട ഉദ്ഘാടനം. ഗുജറാത്ത് മുതൽ മഹാരാഷ്ട്ര വരെ അഞ്ച് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേ എൻജിനീയറിങ് വിസ്മയമായാണ് കണക്കാക്കുന്നത്.

ഡൽഹി, ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. കോട്ട, ഇൻഡോർ, ജയ്പുർ, ഭോപാൽ, വഡോദര, സൂറത്ത് എന്നീ പ്രധാന നഗരങ്ങളെയും പാത ബന്ധിപ്പിക്കും. 12,150 കോടി രൂപ ചെലവഴിച്ചു നിർമിച്ച, 246 കിലോമീറ്റർ ദൂരം വരുന്ന ‍ഡൽഹി – ദൗസ – ലാൽസോട്ട് സെക്‌ഷനാണ് ആദ്യഘട്ടത്തിൽ കമ്മിഷൻ ചെയ്തത്. ഇതോടെ ഡൽഹിയിൽനിന്നു രാജസ്ഥാനിലെ ജയ്പുരിലേക്കുള്ള യാത്രാസമയം 5 മണിക്കൂറിൽ നിന്ന് മൂന്നര മണിക്കൂറായി കുറയും.

ഡൽഹിയെയും മുംബൈയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത യാത്രാസമയം 24 മണിക്കൂറിൽനിന്ന് 12 മണിക്കൂറായി കുറയ്ക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഡൽഹി–മുംബൈ ദൂരം 1424 കിലോമീറ്ററാണ്. എസ്ക്പ്രസ് വേ പൂർത്തിയാകുമ്പോൾ അത് 1,242 കിലോമീറ്ററായി കുറയും.

1,386 കിലോമീറ്റർ പൂർത്തിയാകുമ്പോൾ ഇന്ത്യയിലെ ഏറ്റവും നീളമുള്ള എക്സ്പ്രസ് വേ ആയിരിക്കും ഇത്. നിലവിൽ എട്ടുവരിപ്പാതയായാണു നിർമാണമെങ്കിലും ഭാവിയിൽ 12 വരിപ്പാതയാക്കാനാകും. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ ഒരു ഹെലിപ്പോർട്ടും സജ്ജീകരിക്കുന്നുണ്ട്.

13 തുറമുഖങ്ങൾ, എട്ടു പ്രധാന വിമാനത്താവളങ്ങൾ, എട്ടു മൾട്ടിമോഡൽ ലോജിസ്റ്റിക് പാർക്കുകൾ എന്നിവയ്‌ക്കൊപ്പം വരാനിരിക്കുന്ന ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളായ ജെവാർ, നവിമുംബൈ, ജെഎൻപിടി പോർട്ട് എന്നിവയ്ക്കും എക്‌സ്പ്രസ് വേയുടെ സേവനം ലഭ്യമാകും.
2018ൽ പദ്ധതിയിട്ട എക്സ്പ്രസ് വേയുടെ ആദ്യഘട്ടത്തിന് 2019 മാർച്ച് 9ന് ശിലയിട്ടു. 2024 അവസാനത്തോടെ പൂർത്തിയാകുമെന്നാണു കരുതുന്നത്. 10,00,000 കോടിയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.

Advertisement