‘മോദിയെ ഭയമില്ല, അദാനിയെപ്പറ്റി പറഞ്ഞത് സത്യം; ഇന്ത്യയിൽ‌ ഉപയോഗിക്കുക പിതാവിന്റെ കുടുംബപേര്’

Advertisement

കൽപറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധം ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. വയനാട് മണ്ഡലത്തിൽ സന്ദർശനത്തിനെത്തിയ രാഹുൽ, മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു. പ്രധാനമന്ത്രിക്കൊപ്പം അദാനി വിദേശയാത്ര ചെയ്യുന്നതെങ്ങനെയെന്ന് രാഹുൽ ചോദിച്ചു.

‘‘പാർലമെന്റിൽ പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞാൻ സൂചിപ്പിച്ചിരുന്നു. മോശമായി ഒന്നും പറഞ്ഞില്ല. പ്രധാനമന്ത്രി വിദേശ യാത്ര ചെയ്യുമ്പോൾ അദാനി ഒപ്പം യാത്ര ചെയ്യുന്നത് എങ്ങനെ? അവിടെ അദാനി കരാറുകൾ ഒപ്പിടുന്നത് എങ്ങനെ? എന്റെ പ്രസംഗങ്ങൾ ഭൂരിഭാഗവും രേഖകളിൽനിന്നു നീക്കം ചെയ്തു. അദാനിക്ക് വേണ്ടി ചട്ടങ്ങൾ മറികടക്കുന്നു. രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അദാനി വാങ്ങുന്നത് എങ്ങനെ? പ്രധാനമന്ത്രിയുമായുള്ള ബന്ധമാണ് എല്ലാത്തിനും അടിസ്ഥാനം. സത്യമല്ലാതെ ഒന്നും പറഞ്ഞിട്ടില്ല.

പ്രസംഗങ്ങളിൽ പറഞ്ഞതിന് തെളിവ് വേണമെന്ന് പാർലമെന്റ് സെക്രട്ടി പറഞ്ഞു. എല്ലാം നൽകാമെന്ന് മറുപടി നൽകി. പ്രധാനമന്ത്രി എന്നെ വ്യക്തിപരമായി അപമാനിക്കുകയാണ്. എന്നാൽ താൻ അത് കാര്യമാക്കിയിട്ടില്ല, എന്തുകൊണ്ട് എന്റെ പേര് രാഹുൽ നെഹ്റു എന്നായില്ല പകരം രാഹുൽ ഗാന്ധി എന്നായി എന്ന് ചോദിച്ചു. ഇന്ത്യയിൽ പിതാവിന്റെ കുടുംബ പേരാണ് സാധാരണയായി ഉപയോഗിക്കാറുള്ളത് എന്ന് അദ്ദേഹത്തിനറിയാത്തതല്ല. മോദിയുടെ കയ്യിൽ എല്ലാ ഏജൻസികളുമുണ്ടാകും. എന്നാൽ അദ്ദേഹത്തെ ഭയക്കുന്നില്ല. ഒരു ദിവസം മോദി സത്യത്തെ അഭിമുഖീകരിക്കേണ്ടി വരും’’– രാഹുൽ പറഞ്ഞു.

ഗൗതം അദാനിക്കുണ്ടായ വളർച്ച മാത്രമാണ് 8 വർഷത്തിനിടയിലെ ‘മോദി മാജിക്’ എന്നു രാഹുൽ ഗാന്ധി ലോക്സഭയിൽ ആരോപിച്ചിരുന്നു. പ്രസംഗത്തിനിടെ മോദിയും അദാനിയും ഒരുമിച്ചു സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളും ഉയർത്തിക്കാട്ടി. പ്രധാനമന്ത്രി ഓരോ വിദേശയാത്ര നടത്തുമ്പോഴും അദാനിക്ക് പുതിയ കരാർ എന്നതാണ് ബിജെപി സർക്കാരിന്റെ വിദേശ നയം. മോദി എങ്ങോട്ടു പോകുമ്പോഴും അദാനി കൂടെ പോകുകയോ അവിടെയെത്തുകയോ ചെയ്യും. ബംഗ്ലദേശിലും ശ്രീലങ്കയിലും ഇങ്ങനെ കരാറുകൾ കിട്ടി. ഇസ്രയേലുമായുള്ള പ്രതിരോധ കരാറിന്റെ 90% അദാനിക്കാണു കിട്ടിയതെന്നതു നിഷേധിക്കാമോയെന്നും ഭരണപക്ഷ എംപിമാരോടു രാഹുൽ ചോദിച്ചു. ഇതിനെതിരെ ബിജെപി അവകാശലംഘന നോട്ടിസ് നൽകിയിരുന്നു.

Advertisement