‘അദാനി ലക്ഷക്കണക്കിന് കോടി രൂപയുടെ പൊതുപണം അപഹരിച്ചു; അന്വേഷിക്കണം’

Advertisement

ന്യൂഡൽഹി: യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്മേൽ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. കോൺഗ്രസ് നേതാവ് ജയ ഠാക്കുർ ആണ് ഹർ‌ജി നൽകിയത്. വ്യവസായി ഗൗതം അദാനി ലക്ഷക്കണക്കിനു കോടി രൂപയുടെ പൊതുപണം അപഹരിച്ചതിനെപ്പറ്റി സുപ്രീംകോടതി സിറ്റിങ് ജ‍ഡ്ജിയുടെ മേൽനോട്ടത്തിൽ ഏജൻസികൾ അന്വേഷിക്കണം എന്നാണ് ഹർജിയിലെ ആവശ്യം.

‘‘അദാനി ഗ്രൂപ്പിന്റെ അനുബന്ധ ഓഹരി ഇഷ്യുവിൽ (എഫ്പിഒ) എൽഐസിയും എസ്ബിഐയും വലിയ തുക നിക്ഷേപിച്ചതിനെപ്പറ്റി അന്വേഷിക്കണം. മൗറിഷ്യസ്, സിംഗപ്പൂർ, കരീബിയൻ ദ്വീപുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കടലാസ് കമ്പനികളുണ്ടാക്കി ഹവാല ഇടപാടിലൂടെ ധാരാളം പണം അദാനി ഗ്രൂപ്പ് സമാഹരിച്ചിട്ടുണ്ട്’’– ഹർജിയിൽ ആരോപിക്കുന്നു. ഹിൻഡൻബർഗ്–അദാനി വിഷയത്തിൽ സുപ്രീംകോടതിയിൽ ഫയൽ ചെയ്യുന്ന മൂന്നാമത്തെ ഹർജിയാണിത്.

അദാനി ഗ്രൂപ്പ് വിവാദങ്ങളെ തുടർന്ന് ഓഹരി നിക്ഷേപകർക്കുണ്ടായ സാമ്പത്തിക നഷ്ടത്തിൽ കോടതി കഴിഞ്ഞ ദിവസം ആശങ്ക രേഖപ്പെടുത്തി. ഓഹരി നിക്ഷേപകരുടെ പരിരക്ഷയ്ക്കായി വിദഗ്ധ സമിതി രൂപീകരിക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശത്തോടു കേന്ദ്രം കഴിഞ്ഞദിവസം യോജിപ്പ് അറിയിച്ചിരുന്നു. എന്നാൽ, സെബി പോലുള്ള നിയന്ത്രണ (റെഗുലേറ്ററി) ഏജൻസികൾക്കു സമിതിയുടെ മേൽനോട്ടം ആവശ്യമാണെന്നു വരുന്നതു വിപണിയെ ബാധിച്ചേക്കാമെന്ന ആശങ്കയും പങ്കുവച്ചു. സമിതിയുടെ പ്രവർത്തനമേഖല നിർദേശിക്കാൻ സർക്കാരിനെ അനുവദിക്കണമെന്നും അംഗങ്ങളുടെ പേര് മുദ്രവച്ച കവറിൽ നൽകാമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.