ഭിവാനി: ഹരിയാനയിൽ അറസ്റ്റ് ചെയ്ത വ്യക്തിയുടെ ഭാര്യയുടെ ഗർഭം അലസിയത് രാജസ്ഥാൻ പൊലീസ് വീട്ടിൽ നടത്തിയ റെയ്ഡിനെത്തുടർന്നെന്ന് ആരോപണം. രാജസ്ഥാനിലെ ഭരത്പുരിൽനിന്ന് തട്ടിക്കൊണ്ടുപോയി പിന്നീട് രണ്ടുപേരെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ഒരാളുടെ ഭാര്യയുടെ ഗർഭം ആണ് അലസിയത്. ഇതു പൊലീസ് വീട്ടിൽ നടത്തിയ റെയ്ഡിനിടെ മർദ്ദിച്ചതിനെത്തുടർന്നാണെന്നാണു പരാതി.
ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്ന മോനു മനേസറിന്റെ സംഘത്തിൽപ്പെടുന്ന ശ്രീകാന്ത് പണ്ഡിറ്റിന്റെ കുടുംബമാണ് പരാതിപ്പെട്ടിരിക്കുന്നത്. പൂർണ ഗർഭിണിയായിരുന്ന മരുമകൾക്കു കുട്ടിയെ നഷ്ടപ്പെടാൻ കാരണം രാജസ്ഥാൻ പൊലീസ് വീട്ടിൽ നടത്തിയ റെയ്ഡ് ആണെന്നും മർദ്ദനമേറ്റെന്നും ശ്രീകാന്തിന്റെ അമ്മ ദുലാരി ദേവി ഹരിയാന പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. മറ്റു രണ്ടു മക്കളെക്കൂടി പൊലീസ് നിർബന്ധപൂർവം കൊണ്ടുപോയെന്നും പരാതിയിൽ പറയുന്നുണ്ട്.
ശ്രീകാന്ത് ഒളിവിലാണ്. ഇയാളെത്തിരഞ്ഞ് വീട്ടിലേക്കു നാൽപ്പതോളം രാജസ്ഥാൻ പൊലീസ് സേനാംഗങ്ങളാണു കടന്നുകയറി പരിശോധിച്ചതെന്നാണു പരാതി. മകൻ വീട്ടിലില്ലെന്നു പറഞ്ഞപ്പോൾ തന്നെയും ഗർഭിണിയായ മരുമകളെയും മർദിച്ചു. മരുമകളുടെ വയറ്റിൽ പൊലീസ് ചവിട്ടി. വേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി വയറ്റിനുള്ളിൽവച്ച് മരിച്ചിരുന്നു. മരുമകൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണെന്നും പരാതിയിൽ പറയുന്നു.
ഹരിയാനയിൽ രണ്ടു യുവാക്കളുടെ മൃതദേഹം വാഹനത്തിൽ അഗ്നിക്കിരയായി കണ്ടെത്തിയ സംഭവത്തിൽ അഞ്ചുപേർക്കെതിരെ തട്ടിക്കൊണ്ടുപോകലിനു കേസെടുത്തിരുന്നു. പശുക്കടത്ത് ആരോപിച്ചുള്ള കൊലപാതകമെന്ന സംശയത്തിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. നസീർ (25), ജുനൈദ് (35) എന്നിവരെ രാജസ്ഥാനിലെ ഭരത്പുരിൽനിന്ന് ബുധനാഴ്ച തട്ടിക്കൊണ്ടുപോയെന്ന് ഇവരുടെ കുടുംബം പരാതി നൽകിയിരുന്നു. ഹരിയാനയിലെ ഭിവാനി ജില്ലയിൽ വ്യാഴാഴ്ച രാവിലെയാണ് എസ്‌യുവിയിൽ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
മോനു മനേസർ, ലോകേഷ് സിങ്യ, റിങ്കു സൈനി, അനിൽ, ശ്രീകാന്ത് എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ബജ്റംഗ്ദൾ പ്രവർത്തകനാണ് മോനു മനേസർ. ഗോസംരക്ഷകരെന്ന അവകാശപ്പെടുന്നവരാണ് അഞ്ചുപേരും.