മോദിയുടെ റാലി അനുവദിക്കാതെ മേഘാലയ സർക്കാർ

Advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പു റാലിക്കു മേഘാലയ സർക്കാർ അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ മണ്ഡലമായ ഗാരോ ഹിൽസ് സൗത്ത് തുറയിലെ പിഎ.സാങ്മ സ്റ്റേഡിയത്തിൽ 24 നു നടത്താനിരുന്ന റാലിക്കാണു സംസ്ഥാന കായികവകുപ്പ് അനുമതി നിഷേധിച്ചത്. റാലിയുമായി മുന്നോട്ടുപോകുമെന്നു ബിജെപി അറിയിച്ചു. മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയുടെ ഹെലികോപ്റ്ററിനു തുടർച്ചയായി ലാൻഡിങ് അനുമതി നിഷേധിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസും ആരോപിച്ചു.

നാഷനലിസ്റ്റ് പീപ്പിൾസ് പാർട്ടി (എൻപിപി) ഭരിക്കുന്ന മേഘാലയയിൽ ബിജെപി സർക്കാരിന്റെ ഭാഗമാണെങ്കിലും തിരഞ്ഞെടുപ്പിൽ ഇരുകക്ഷികളും മുഖാമുഖം ഏറ്റുമുട്ടുകയാണ്. ബിജെപി അധികാരത്തിലെത്തിയാൽ ഈ സർക്കാരിന്റെ അഴിമതികളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ഏർപ്പെടുത്തുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിനു പിന്നാലെയാണു സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ലെന്നു പറഞ്ഞ് അനുമതി നിഷേധിച്ചത്. കഴിഞ്ഞ ഡിസംബറിൽ ഉദ്ഘാടനം കഴിഞ്ഞ സ്റ്റേഡിയമാണിത്. പുതിയ വേദി കണ്ടെത്തി റാലി നടത്താനാണു ബിജെപിയുടെ ശ്രമം. 24 നു തലസ്ഥാനമായ ഷില്ലോങ്ങിലും മോദിയുടെ റോഡ് ഷോ ഉണ്ട്.

മേഘാലയയിലെ 60 നിയമസഭാ മണ്ഡലങ്ങളിലും എൻപിപിയും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടുന്നു. കഴിഞ്ഞ തവണ മേഘാലയയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രസും മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസും മത്സരരംഗത്തുണ്ട്. ഒപ്പം പ്രാദേശിക പാർട്ടികളും പലയിടത്തും കരുത്തരാണ്.

കുറെ വർഷങ്ങളായി രണ്ടു കുടുംബങ്ങൾ ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. നിലവിലുള്ള മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെയും മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയുടെയും കുടുംബങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആരോപണം. 24,000 കോടി രൂപയുടെ കുടിവെള്ള പദ്ധതി ഫണ്ടും രണ്ടരലക്ഷം വീടുകൾക്കുള്ള ഫണ്ടും സർക്കാർ വക മാറ്റിയതായി അമിത് ഷാ പറഞ്ഞു.

ഗാരോ ഹിൽസിൽ നിന്ന് ഷില്ലോങ്ങിലേക്കു പറന്ന മുകുൾ സാങ്മയുടെ ഹെലികോപ്റ്ററിന് ഇറങ്ങാനുള്ള അനുമതിയാണു നിഷേധിച്ചത്. തുടർന്ന് അദ്ദേഹം മടങ്ങിപ്പോയി. മേഘാലയ സർക്കാരിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തുമെന്നു പ്രഖ്യാപിച്ച് ഇന്നലെ ഷില്ലോങ്ങിൽ മുകുൾ സാങ്മ വാർത്താ സമ്മേളനം വിളിച്ചുചേർത്തിരുന്നു. എത്താൻ കഴിയാതെ വന്നതോടെ വാർത്താ സമ്മേളനം മാറ്റിവച്ചു. ഈ മാസം 27നാണു മേഘാലയ തിരഞ്ഞെടുപ്പ്.

Advertisement