ന്യൂഡൽഹി: സുപ്രീം കോടതിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (നിർമിതി ബുദ്ധി–എഐ) പാതയിൽ. കോടതിനടപടികൾ തത്സമയം തനിയെ കേട്ടെഴുതുന്ന (ട്രാൻസ്ക്രൈബ്) എഐ സാങ്കേതികവിദ്യ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ കോടതിമുറിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി. ജഡ്ജിമാരും കക്ഷികളും മൈക്കിലൂടെ പറയുന്ന ഓരോ വാക്കും സ്ക്രീനിൽ തൽസമയം എഴുതിക്കാണിക്കും. ശിവസേനയുമായി ബന്ധപ്പെട്ട് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന കേസുകളാണ് സോഫ്റ്റ്‍വെയർ ആദ്യമായി പകർത്തിയെഴുതിയത്.
നൊമോളജി ടെക്നോളജി എന്ന ബെംഗളൂരു കമ്പനിയുടെ ‘ടെരസ്’ (Teres) എന്ന നാച്വറൽ ലാംഗ്വിജ് പ്രോസസിങ് പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്. സോഫ്റ്റ്‍വെയർ തത്സമയം തയാറാക്കുന്ന ആദ്യപതിപ്പിനു 90% കൃത്യതയാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ജീവനക്കാർ അപ്പോൾ തന്നെ തിരുത്തലുകൾ വരുത്തി 100% കൃത്യത ഉറപ്പാക്കും. വിഡിയോയുമായി ഒത്തുനോക്കി അഭിഭാഷകർക്കും മറ്റും തിരുത്തുകൾ നിർദേശിക്കാം.
അതേസമയം, ഒരേ സമയത്ത് 2 പേർ സംസാരിക്കുന്നത് ഒഴിവാക്കണം. ഇനി അങ്ങനെയുണ്ടായാലും ജീവനക്കാർ ആവശ്യമായ തിരുത്തലുകൾ വരുത്തും. വാദങ്ങൾ സുപ്രീം കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും ദേശീയ പ്രാധാന്യമുള്ള കൂടുതൽ കേസുകൾ ലൈവ്സ്ട്രീം ചെയ്യാനും ആലോചനയുണ്ട്.