ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ വച്ച് അസം പൊലീസ് അറസ്റ്റ് ചെയ്ത കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പവൻ ഖേരയ്ക്ക് ഡൽഹി ദ്വാരക കോടതി ജാമ്യം നൽകി വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. കേസുകളുടെ എഫ്ഐആർ യോജിപ്പിക്കണം എന്ന് ആവശ്യത്തിന് സംസ്ഥാനങ്ങൾക്ക് നോട്ടിസ് നൽകി.
കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനായി ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലേക്കു പോകാൻ ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോൾ ഖേരയെ വിമാനത്തിൽനിന്നു പുറത്താക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതുമായി ബന്ധപ്പെട്ടാണ് വിമാനത്തിൽനിന്ന് പുറത്താക്കിയത്. ലഗേജ് പരിശോധിക്കണം എന്നായിരുന്നു ആവശ്യം. കേസുള്ളതിനാൽ യാത്ര അനുവദിക്കാനാവില്ലെന്നും ഇൻഡിഗോ വിമാനക്കമ്പനി അറിയിച്ചു. തുടർന്നായിരുന്നു അറസ്റ്റ്.
പവന്‍ ഖേരയുടെ അറസ്റ്റ്, കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് സിംഗ്‌വി സുപ്രീംകോടതിയില്‍ ഉന്നയിക്കുകയായിരുന്നു. ശിവസേന കേസിലെ വാദത്തിനിടെയാണ് വിഷയം ഉന്നയിച്ചത്. തുടർന്ന് സുപ്രീം കോടതി കേസ് പരിഗണിച്ച് പവന് ആശ്വാസമായ വിധി പ്രസ്താവിക്കുകയായിരുന്നു.