സ്വകാര്യചിത്രങ്ങൾ പങ്കുവച്ചതിൽ നോട്ടിസ് അയച്ച് രോഹിണി

Advertisement

ബെംഗളൂരു: പദവികളിൽനിന്നു നീക്കിയെങ്കിലും കർണാടകയിൽ വനിതാ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ തമ്മിലടി തുടരുന്നു. തനിക്കെതിരെ വ്യാജവും അപകീർത്തികരവുമായ പോസ്റ്റുകൾ ഇട്ടതിന് ഐപിഎസ് ഓഫിസർ ഡി.രൂപയ്ക്ക് ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരി നോട്ടിസ് അയച്ചു. 24 മണിക്കൂറിനുള്ളിൽ നിരുപാധികം മാപ്പ് എഴുതി നൽകിയില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് അഭിഭാഷകൻ മുഖേന അയച്ച നോട്ടിസിൽ രോഹിണി മുന്നറിയിപ്പ് നൽകി. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും രോഹിണി ആവശ്യപ്പെടുന്നു.

രോഹിണിയുടെ സ്വകാര്യ ചിത്രങ്ങൾ രൂപ കഴിഞ്ഞ ദിവസം രൂപ പുറത്തു വിട്ടതോടെയാണ് ഇരുവരുടെയും തർക്കം പരസ്യമായത്. ജനതാദൾ എംഎൽഎയ്ക്കൊപ്പം രോഹിണി റസ്റ്ററന്റിൽ ചർച്ച നടത്തുന്ന ചിത്രം പ്രചരിച്ചതിനെത്തുടർന്നായിരുന്നു ഇത്. മൂന്നു പുരുഷ ഐഎഎസ് ഉദ്യോഗസ്ഥർക്ക് രോഹിണി വാട്സാപ്പിലൂടെ അയച്ചു കൊടുത്ത സ്വന്തം നഗ്നചിത്രങ്ങൾ പിന്നീട് ഡിലീറ്റ് ചെയ്തെന്നും രൂപ ആരോപിച്ചിരുന്നു. അഴിമതി നടത്തിയതിനു തെളിവായി 19 ആരോപണങ്ങളും ഉന്നയിച്ചു. തർക്കം അതിരുവിട്ടതോടെ ഇരുവരെയും പദവികളിൽനിന്നു സർക്കാർ നീക്കി.

ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ധൂരിയെ ദേവസ്വം കമ്മിഷണർ സ്ഥാനത്തു നിന്നും ഐപിഎസ് ഉദ്യോഗസ്ഥയായ ഡി.രൂപയെ കരകൗശല വികസന കോർപറേഷൻ എംഡി സ്ഥാനത്തു നിന്നുമാണ് ഒഴിവാക്കിയത്. ഇരുവർക്കും പുതിയ നിയമനം നൽകിയതുമില്ല. ഇതിനു പിന്നാലെയാണ് രൂപയ്ക്ക് രോഹിണി നോട്ടിസ് അയച്ചത്. തന്റെ ഔദ്യോഗികവും വ്യക്തിപരവും സാമൂഹികവുമായ പ്രതിച്ഛായ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റുകളും ആരോപണങ്ങളും ഉന്നയിക്കുന്നതെന്ന് നോട്ടിസിൽ പറയുന്നു.