അമൃത്‌സർ: സ്വയം പ്രഖ്യാപിത മതപ്രഭാഷകനും ‘വാരിസ് പഞ്ചാബ് ദേ’ തലവനുമായ അമൃത്പാൽ സിങ്ങിന്റെ അനുയായികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്, അമൃത്പാലിന്റെ നൂറൂകണക്കിന് അനുയായികൾ അജ്നാല പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചു. വാളുകളും തോക്കുകളുമായി എത്തിയ സംഘം പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രദേശത്ത് കനത്ത പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അമൃത്പാൽ സിങ്ങിന്റെ അടുത്ത സഹായി ലവ്പ്രീത് തൂഫൻ, അനുയായികളായ വീർ ഹർജീന്ദർ സിങ്, ബൽദേവ് സിങ് എന്നിവർക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കയ്യേറ്റം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് എടുക്കുകയും ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരെ ഉടൻ മോചിപ്പിക്കണം, എഫ്ഐആറിൽനിന്ന് ഇവരുടെ പേര് ഒഴിവാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അമൃത്പാൽ സിങ് പറഞ്ഞു. ‘‘ഒരു മണിക്കൂറിനുള്ളിൽ കേസ് റദ്ദാക്കിയില്ലെങ്കിൽ, അടുത്ത് എന്ത് സംഭവിച്ചാലും ഭരണകൂടത്തിനാകും അതിന്റെ ഉത്തരവാദിത്തം. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അവർ കരുതുന്നു. അതിനാൽ ഈ ശക്തിപ്രകടനം ആവശ്യമാണ്’’ – അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വാഹനാപകടത്തിൽ മരിച്ച ആക്ടിവിസ്റ്റ് ദീപ് സിദ്ധു സ്ഥാപിച്ച ‘വാരിസ് പഞ്ചാബ് ദേ’ എന്ന ഗ്രൂപ്പിന്റെ തലവനാണ് അമൃത്പാൽ സിങ്.