മാർക്ക് ലിസ്റ്റ് വൈകി; പൂർവവിദ്യാർഥി പെട്രോളൊഴിച്ച് തീകൊളുത്തിയ പ്രിൻസിപ്പൽ മരിച്ചു

Advertisement

ഇൻഡോർ: മാർക്ക് ലിസ്റ്റ് വൈകിയെന്നാരോപിച്ച് പൂർവവിദ്യാർഥി പെട്രോളൊഴിച്ചു തീകൊളുത്തിയതിനെത്തുടർന്ന് ചികിത്സയിലായ പ്രിൻസിപ്പൽ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. ഇൻഡോറിലെ ബിഎം ഫാർമസി കോളജ് പ്രിൻസിപ്പൽ വിമുക്ത ശർമയാണ്(54) ശനിയാഴ്ച പുലർച്ചെ നാലു മണിയോടെ ആശുപത്രിയിൽ മരിച്ചത്.

ഫെബ്രുവരി 20 നാണ് മാർക്ക് ലിസ്റ്റ് വൈകുന്നു എന്നാരോപിച്ച് നടത്തിയ തർക്കത്തിനിടെ അശുതോഷ് ശ്രീവാസ്തവ(24) എന്ന പൂർവ വിദ്യാർഥി വിമുക്ത ശർമയുടെ ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തിയത്. സഹപ്രവർത്തകർ വിമുക്തയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും 90 ശതമാനത്തിലേറെ പൊള്ളലേറ്റതിനാൽ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അശുതോഷ് സ്ഥിരമായി കോളജിലെത്തി ഭീഷണിപ്പെടുത്തുന്നുവെന്നും ആത്മഹത്യ ചെയ്യുമെന്നു മുന്നറിയിപ്പ് നൽകുന്നതായും കാട്ടി പ്രിൻസിപ്പൽ വിമുക്ത ശർമയും കോളജിലെ മറ്റു ജീവനക്കാരും മൂന്നു തവണ പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ ഇതേ കോളജിലെ അസിസ്റ്റന്റ് പ്രഫസറായ ഡോ. വിജയ് പട്ടേലിനെ കഴിഞ്ഞ വർഷം ഒക്ടോബറിൽ അശുതോഷ് കുത്തിയതുമായി ബന്ധപ്പെട്ട കേസും നിലവിലുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലുമായി അശുതോഷ് നിരവധി തവണ തർക്കത്തിൽ ഏർപ്പെട്ടിരുന്നതായും കോളജ് മാനേജ്മെന്റ് വക്താക്കൾ പറഞ്ഞു.

ഇതിനിടെ പ്രിൻസിപ്പലും കോളജിലെ മറ്റു ജീവനക്കാരും നൽകിയ മൂന്നു പരാതികളിൽ നടപടി വൈകിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സിംറോൾ പൊലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സഞ്ജീവ് തിവാരിയെ സസ്പെൻഡ് ചെയ്തതായി എസ്പി ഭഗ്‌വത് സിങ് വിർദേ വാർത്താ ഏജൻസിയോടു പറഞ്ഞു.

വിമുക്ത ശർമയെ തീകൊളുത്തിയതിനിടെ പൊള്ളലേറ്റ പ്രതി അശുതോഷ് ശ്രീവാസ്തവയെ വെളളിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊലപാതക ശ്രമത്തിന് കുറ്റം ചാർത്തി അന്വേഷണത്തിലായ അശുതോഷിനെതിരെ കൊലപാതകത്തിനുള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്തുമെന്നും എസ്പി പറഞ്ഞു.