ബംഗാളിൽ കേന്ദ്രമന്ത്രി നിതിഷ് പ്രമാണിക്കിന്റെ വാഹനത്തിനു നേരെ കല്ലേറ്; സംഘർഷം

Advertisement

കൊൽക്കത്ത: കേന്ദ്രമന്ത്രി നിതിഷ് പ്രമാണിക്കിന്റെ വാഹനവ്യൂഹനത്തിനു നേരെ ആക്രമണം. ബംഗാളിലെ കൂച്ച് ബെഹാറിലാണ് വാഹനത്തിനു നേരെ കല്ലേറുണ്ടായത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കൂച്ച് ബെഹാറിൽ നിന്നുള്ള എംപിയാണ് പ്രമാണിക്.

തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. കേന്ദ്രമന്ത്രി പോലും സുരക്ഷിതനല്ലെങ്കിൽ ബംഗാളിൽ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കുമെന്നും ബംഗാളിലെ ജനാധിപത്യത്തിന്റെ അവസ്ഥയാണ് ഇതു സൂചിപ്പിക്കുന്നതെന്നും പ്രമാണിക് പറഞ്ഞു. പാർട്ടിയുടെ പ്രാദേശിക ഓഫിസിലേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായത്.

ബിഎസ്എഫ് നടത്തിയ വെടിവയ്പ്പിൽ ഗോത്രവിഭാഗക്കാരൻ കൊല്ലപ്പെട്ടതിൽ ജനം കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ പ്രമാണിക്കിനെതിരെ പ്രതിഷേധിച്ചിരുന്നുവെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി കൂച്ച് ബെഹാറിൽ റാലി നടത്തിയിരുന്നു. പ്രമാണിക്കിനെതിരെ രൂക്ഷമായ വിമർശനമാണ് റാലിയിൽ അദ്ദേഹം ഉന്നയിച്ചത്.

Advertisement