ഇടിച്ച ട്രക്ക് രണ്ടു കിലോമീറ്റർ വലിച്ചിഴച്ചു; ആറു വയസ്സുകാരനും മുത്തച്ഛനും മരിച്ചു

Advertisement

ന്യൂഡൽഹി: ഇടിച്ച ട്രക്ക് രണ്ടു കിലോമീറ്ററോളം വലിച്ചിഴച്ച സംഭവത്തിൽ ആറുവയസ്സുകാരനും മുത്തച്ഛനും കൊല്ലപ്പെട്ടു. ഉത്തർ പ്രദേശിലെ മഹാബയിലാണു സംഭവം.

ഉദിത് നാരായൺ ചൻസോറിയ (67), പേരക്കുട്ടി സാത്‌വിക് എന്നിവർ സ്കൂട്ടറിൽ മാർക്കറ്റിലേക്കു പോകവെയാണു വേഗത്തിലെത്തിയ ട്രക്ക് ഇടിച്ചത്. ഉദിത് നാരായൺ തൽക്ഷണം മരിച്ചു. സാത്‌വിക്കിനെയും സ്കൂട്ടറിനെയും ട്രക്ക് രണ്ടു കിലോമീറ്ററോളം വലിച്ചുകൊണ്ടുപോയി.

കാൺപുർ – സാഗർ ഹൈവേയിലാണ് (എൻഎച്ച്86) അപകടം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോഡിലെ മറ്റു ബൈക്കുകൾ സംഭവം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽക്കാണാം. പിന്നീട് വഴിയാത്രക്കാർ റോഡിൽ കല്ലും മറ്റും കൂട്ടിയിട്ട് തടഞ്ഞതോടെയാണ് ട്രക്ക് ഡ്രൈവർ വാഹനം നിർത്തിയത്.

ഇയാൾക്ക് നാട്ടുകാരുടെ മർദനമേറ്റു. പൊലീസ് ട്രക്ക് പിടിച്ചെടുത്ത് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു.