52 വയസായി, എന്നിട്ടും സ്വന്തമായി വീടില്ല -രാഹുൽ ഗാന്ധി; പരിഹാസവുമായി ബി.ജെ.പി

Advertisement

ന്യൂഡൽഹി: തനിക്ക് 52 വയസായെന്നും ഇപ്പോഴും സ്വന്തമായി വീടില്ലെന്നും വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അലഹാബാദിലെ കുടുംബ വീട് ഞങ്ങളുടേതല്ല. ഞാൻ താമസിക്കുന്നത് 12 തുഗ്ലക് ലെയിനിലെ വീട്ടിലാണ്. എന്നാൽ അത് എന്റേതല്ല-രാഹുൽ തുടർന്നു.

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭാഷണത്തിനിടെ 1997​ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള കാലവും അദ്ദേഹം ഓർത്തെടുത്തു. അന്ന് ഞങ്ങൾക്ക് താമസിക്കാൻ സർക്കാർ നൽകിയ വീട് സ്വന്തമാണെന്നാണ് ഞാൻ കരുതിയിരുന്നത്. വീട്ടിൽ വിചിത്രമായ ചില സാഹചര്യങ്ങളുണ്ടായി. അപ്പോൾ അമ്മ പറഞ്ഞു വീട് ഞങ്ങളുടെതല്ലെന്നും സർക്കാരിന്റെതാണെന്നും ഒഴിയുകയാണെന്നും. എ​​​ങ്ങോട്ടു പോകുമെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു അമ്മയുടെ മറുപടിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതറിഞ്ഞപ്പോൾ മുതൽ അനിശ്ചിതത്വമായിരുന്നു.

ഭാരത് ജോഡോ യാത്ര തുടങ്ങിയപ്പോൾ,യാത്രയിൽ പ​ങ്കെടുത്തവരോട് എന്താണ് എന്റെ ഉത്തരവാദിത്തമെന്ന് സ്വയം ചോദിച്ചു. അപ്പോഴാണ് ഈ യാത്ര തന്നെയാണ് എന്റെ വീടെന്ന ആശയം വരുന്നത്. അതിന്റെ വാതിൽ എല്ലാവർക്കു മുന്നിലും തുറന്നുകിടന്നു. ചെറിയ ആശയമായിരുന്നുവെങ്കിലും അതിന്റെ ആഴം പിന്നീട് മനസിലായി-രാഹുൽ കൂട്ടിച്ചേർത്തു.

തന്റെ ഉത്തരവാദിത്തത്തെ കുറിച്ച് മനസിലാക്കാൻ രാഹുൽ ഗാന്ധിക്ക് ഒരുപാട് സമയം വേണ്ടിവന്നു എന്നായിരുന്നു ഇതെ കുറിച്ച് ബി.ജെ.പി നേതാവായ സംബിത് പത്രയുടെ പരിഹാസം. 52വയസ് കഴിഞ്ഞപ്പോഴാണ് രാഹുൽ ഗാന്ധി സ്വന്തം ചുമതലകളെ കുറിച്ച് ബോധവാനാകുന്നത്.പാർട്ടിയുടെ അധ്യക്ഷ പദവിയൊഴിച്ച ശേഷം അദ്ദേഹം തന്റെ ചുമതലകളെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. എല്ലാ ഗാന്ധി കുടുംബാംഗങ്ങളെയും പോലെ നിങ്ങളുടെതും ആരോടും ഉത്തരവാദിത്തമില്ലാത്ത അധികാരമാണെന്നാണ് എനിക്ക് പറയാനുള്ളത്.

ഞങ്ങളുടെ രണ്ട് പ്രധാനമന്ത്രിമാർ അവരുടെ രാഷ്ട്രീയ ജീവിതത്തി​ന്റെ തുടക്കത്തിൽ മനസിലാക്കിയ കാര്യങ്ങളെ കുറിച്ച് ബോധം വരാൻ നിങ്ങൾക്ക് 52 വർഷമെടുത്തു. സർക്കാരിന്റെ വീടുകളെല്ലാം സ്വന്തമെന്നാണ് നിങ്ങൾ ധരിച്ചിരുന്നത്. ഇതിനെ ഇംഗ്ലീഷിൽ പറയുന്നത് അവകാശബോധം എന്നാണെന്നും പ​ത്ര പറഞ്ഞു.

Advertisement