തിരുപ്പതി: ഡൽഹി മദ്യനയക്കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകൾ കെ. കവിതയെ സി.ബി.ഐ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബി.ജെ.പി നേതാവ്. മദ്യനയക്കേസിൽ എ.എ.പി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് തെലങ്കാന ബി.ജെ.പി നേതാവ് വിവേകിന്റെ അവകാശവാദം.
”മദ്യനയക്കേസിൽ കൂടുതൽ അറസ്റ്റുകൾക്ക് സാധ്യതയുണ്ട്. കവിതയെ ഉടൻ അറസ്റ്റ് ചെയ്യും. പഞ്ചാബ്, ഗുജറാത്ത് തിരഞ്ഞെടുപ്പ് വേളകളിൽ കവിതക്ക് എ.എ.പി നേതാക്കൾ 150 കോടി രൂപ നൽകിയിട്ടുണ്ട്”-ബി.ജെ.പി നേതാവ് അവകാശപ്പെട്ടു.
നേരത്തേ മദ്യനയക്കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തിൽ കവിതയുടെ പേരും ഇ.ഡി ഉൾപ്പെടുത്തിയിരുന്നു. മദ്യകമ്പനിയുടെ 65ശതമാനം ഓഹരികളും കൈവശം വെക്കുന്നത് കവിതയാണെന്നായിരുന്നു ഇ.ഡിയുടെ ആരോപണം. പാർട്ടി തുടങ്ങുമ്പോൾ ടി.ആർ.എസിന് ഫണ്ടേ ഉണ്ടായിരുന്നില്ല.
ഇപ്പോൾ രാജ്യത്തെ പല രാഷ്ട്രീയപാർട്ടികളിലും ടി.ആർ.എസിന് നിക്ഷേപമുണ്ട്. ഈ പണത്തിന്റെയെല്ലാം ഉറവിടം വെളിപ്പെടുത്തണം. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് തെലങ്കാനയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ ഒന്നു പോലും പാലിക്കാൻ കെ.സി.ആറിന് കഴിഞ്ഞിട്ടില്ല. കെ.സി.ആർ നയിക്കുന്ന സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചതാണെന്നും അടുത്തു തന്നെ പാർട്ടിക്ക് നിലനിൽപ് ഇല്ലാതാകുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.