ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷ നേരത്തേ നിശ്ചയിച്ചതു പോലെ മാർച്ച് അഞ്ചിനു തന്നെ നടക്കും. പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയതിനെ തുടർന്നാണിത്. അപേക്ഷകർക്ക് ഔദ്യോഗിക വെബ്സൈറ്റായ nbe.edu.in ൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
പരീക്ഷ തീയതി ആറു മുതൽ എട്ടാഴ്ച വരെ നീട്ടിവെക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം.
67,000 ഉദ്യോഗാർഥികൾ പുതുമുഖങ്ങളാണെങ്കിൽ 1,20,000 വിദ്യാർഥികൾക്ക് അവരുടെ ഇന്റേൺഷിപ്പ് എങ്ങനെ പൂർത്തിയാക്കാൻ കഴിയും എന്നായിരുന്നു ഹർജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. രജിസ്ട്രേഷൻ തീയതിക്ക് മുമ്പുള്ള വിൻഡോയിൽ രണ്ടു ലക്ഷം വിദ്യാർഥികൾ എൻറോൾ ചെയ്തിട്ടുണ്ടെന്നും അടുത്തിടെ നടത്തിയ രജിസ്ട്രേഷൻ വിൻഡോയിൽ 5,000 ഉദ്യോഗാർഥികൾ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കൂടാതെ ആറുമാസം മുമ്പാണ് പരീക്ഷാ തീയതി പ്രഖ്യാപിച്ചതെന്നും വിദ്യാർഥികൾക്ക് തയാറെടുക്കാൻ മതിയായ സമയം ലഭിച്ചില്ലെന്നും ഹർജിക്കാരൻ വാദിച്ചു.