സിസോദിയ അഞ്ചുദിവസം സി.ബി.ഐ കസ്റ്റഡിയിൽ

Advertisement

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്ത ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ചുദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. മാ​ർച്ച് നാലുവരെയാണ് കസ്റ്റഡി കാലയളവ്. സി.ബി.ഐ ജഡ്ജി എൻ.കെ. നാഗ്പാലിന്റെതാണ് ഉത്തരവ്.

സി.ബി.ഐ അറസ്റ്റ് ചെയ്ത സിസോദിയയെ ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയിരുന്നു. സിസോദിയയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അഞ്ചുദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നായിരുന്നു സി.ബി.ഐയുടെ ആവശ്യം. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. മാർച്ച് നാലിന് രണ്ടു മണിക്ക് വീണ്ടും സിസോദിയയെ കോടതിയിൽ ഹാജരാക്കാനും നിർദേശമുണ്ട്.

സിസോദിയക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ദയൻ കൃഷ്ണനാണ് കോടതിയിൽ ഹാജരായത്. അന്വേഷണം മുന്നോട്ടു പോകാൻ കൂടുതൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു.

മദ്യ നയ കേസിൽ അറസ്റ്റിലാകുന്ന ഡൽഹിയിലെ രണ്ടാമത്തെ മന്ത്രിയാണ് സിസോദിയ. തനിക്കെതിരായ ആരോപണങ്ങൾ വ്യാജമാണെന്നും എത്ര മാസം വേണമെങ്കിലും ജയിലിൽ കിടക്കാൻ തയാറാണെന്നും ചോദ്യം ചെയ്യൽ ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം പ്രതികരിച്ചിരുന്നു.

Advertisement