കൈകഴുകി വരാമെന്ന് പറഞ്ഞ് കടൽ തീരത്തേക്ക് പോയ യുവതിയും കുഞ്ഞും മരിച്ച നിലയിൽ

Advertisement

കുളച്ചൽ (നാഗർകോവിൽ): മണ്ടയ്ക്കാടിന് സമീപം വെട്ടുമട കടലിൽ മരിച്ച നിലയിൽ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി. യുവതിയുടെ മൃതദേഹം ഞായറാഴ്ച വൈകീട്ടും കുഞ്ഞിൻറെ മൃതദേഹം തിങ്കളാഴ്ച ഉച്ചകഴിഞ്ഞുമാണ് കണ്ടെത്തിയത്. മാർത്താണ്ഡം മാമൂട്ടുക്കട സ്വദേശിയും മാലദ്വീപിൽ ജോലി ചെയ്യുന്ന മെൽബിൻറെ ഭാര്യയുമായ ശശികല (32), മകൻ മെർജിത് (നാല്) എന്നിവരാണ് മരിച്ചത്. കടലിൽ വീണ് മരിച്ചതാണോ ആത്മഹത്യയാണോ എന്നതിനെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

സംഭവ ദിവസം ഞായറാഴ്ച രാവിലെ ശശികലയും കുഞ്ഞും ശശികലയുടെ മാതാവും കൂടി ഓട്ടോ റിക്ഷയിൽ കാപ്പ്കാട്ടിൽ ഒരു ജ്യോത്സ്യനെ കാണാൻ ചെന്നിരുന്നു. അത് കഴിഞ്ഞ് മാതാവിനെ മാമൂട്ടുക്കടയ്ക്ക് പറഞ്ഞുവിട്ട ശേഷം ഓട്ടോയിൽ മണ്ടയ്ക്കാട് ഭാഗത്തേയ്ക്കു വന്നു. ഇതിനിടയിൽ കഴിക്കാനായി ഭക്ഷണവും വാങ്ങി. വെട്ടുമടയിൽ എത്തിയപ്പോൾ ഓട്ടോ റിക്ഷയിൽ ഇരുന്ന് രണ്ടു പേരും ഭക്ഷണം കഴിച്ച ശേഷം കടൽ തീരത്ത് കൈ കഴുകി വരാമെന്ന് ഓട്ടോറിക്ഷ ഡ്രൈവറോട് പറഞ്ഞിട്ട് പോയി.

ഏറെ വൈകിയും വരാതായതോടെ ഭിന്നശേഷിക്കാരനായ ഡ്രൈവർ അവിടെ കണ്ട യുവാവിനോട് കാര്യം പറഞ്ഞു. ഇയാൾ കടൽത്തീരത്ത് നോക്കിയപ്പോൾ ശശികല വെള്ളത്തിൽ കിടക്കുന്നതാണ് കണ്ടത്. കടലിലിറങ്ങി അവരെ കരയ്ക്ക് എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് പൊലീസിൻറെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികളും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും തിങ്കളാഴ്ചയാണ് കുട്ടിയുടെ മൃതദേഹം കിട്ടിയത്.

മൃതദേഹങ്ങൾ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.