ധർണയ്ക്ക് 20,000 രൂപ പിഴ, പ്രതിഷേധത്തിന് വിലക്ക്; ജെഎൻയുവിൽ കടുത്ത നിയന്ത്രണം

Advertisement

ന്യൂഡല്‍ഹി: ജെഎൻയുവിൽ വിദ്യാർഥി പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തി സർവകലാശാല അധികൃതർ. പ്രതിഷേധങ്ങൾ അതിരുവിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിയന്ത്രണങ്ങൾ. ധർണ നടത്തിയാൽ വിദ്യാർഥികൾക്ക് 20,000 രൂപ പിഴയും അക്രമസംഭവങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ പ്രവേശനം റദ്ദാക്കുമെന്നും നിയമാവലിയിൽ പറയുന്നു. സർവകലാശാലയിലെ പാർട്ട് ടൈം വിദ്യാർഥികൾക്കും പുതുക്കിയ മാർഗനിർദേശങ്ങൾ ബാധകമാണ്.

നിരാഹാര സമരം, ഏതെങ്കിലും തരത്തിൽ സംഘം ചേർന്ന് പ്രവേശന കവാടം തടസ്സപ്പെടുത്തൽ തുടങ്ങിയ പ്രതിഷേധങ്ങൾക്കും 20,000 രൂപയാണ് പിഴ. പുതുക്കിയ നിയമങ്ങൾ ഫെബ്രുവരി 3 മുതൽ പ്രാബല്യത്തിൽ വന്നുവെന്നും നിയമാവലി പറയുന്നു. വിവാദ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനത്തിന് പിന്നാലെയാണ് വിദ്യാർഥികൾക്കുള്ള നിയമങ്ങൾ മാറ്റി ഉത്തരവിറങ്ങിയത്. വഴി തടയൽ, ഹോസ്റ്റൽ റൂമുകളിൽ അനധികൃതമായി പ്രവേശിക്കൽ, അസഭ്യം പറയൽ, ആൾമാറാട്ടം തുടങ്ങി 17 ലേറെ കുറ്റങ്ങളാണ് ശിക്ഷാർഹമായി പുതിയ നിയമത്തിൽ ചൂണ്ടിക്കാട്ടുന്നത്.

പരാതികളുടെ പകർപ്പ് വിദ്യാർഥികളുടെ വീടുകളിലേക്ക് അയയ്ക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പുതുക്കിയ നിയമങ്ങൾക്കെതിരെ വിദ്യാർഥി യൂണിയനുകൾ രംഗത്തെത്തി. തുഗ്ലക് പരിഷ്കാരങ്ങളാണെന്നും പിൻവലിക്കണമെന്നും സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. ഉത്തരവിനെ കുറിച്ച് പ്രതികരിക്കാൻ ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റ് തയാറായിട്ടില്ല.