ചരിത്രം തിരുത്തി ഹെകാനി ജഖാലു; നാഗാലാന്‍ഡ് നിയമസഭയിലെ ആദ്യ വനിത

Advertisement

കൊഹിമ: നാഗാലാന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്രം തിരുത്തിയ വിജയം നേടി ഹെകാനി ജഖാലു. നാഗാലാന്‍ഡ് നിയമസഭയിലെ ആദ്യ വനിത പ്രതിനിധിയാണ് ഹെകാനി.

വാശിയേറിയ തെരഞ്ഞെടുപ്പിൽ ദിമാപൂര്‍ മൂന്ന് മണ്ഡലത്തിൽ നിന്ന് 1,536 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ലോക് ജനശക്തി പാർട്ടി (റാം വിലാസ്) സ്ഥാനാർഥി അസെറ്റോ സിമോമിയെ പരാജയപ്പെടുത്തിയത്. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാർട്ടി (എൻ.ഡി.പി.പി) സ്ഥാനാർഥിയായാണ് 48കാരിയായ ഹെകാനി മത്സരിച്ചത്. 48കാരിയായ ഹെകാനി അഭിഭാഷകയും സമൂഹ്യ പ്രവർത്തകയുമാണ്.

നിയമസഭ തെരഞ്ഞെടുപ്പിലെ 183 സ്ഥാനാർഥികളില്‍ നാല് വനിതകൾ മാത്രമാണ് ഇത്തവണ ജനവിധി തേടിയത്. ഹെകാനി ജഖാലുവിനെ കൂടാതെ ടെനിങ്ങില്‍ കോണ്‍ഗ്രസിന്റെ റോസി തോംപ്‌സണ്‍, വെസ്റ്റ് അംഗമിയില്‍ എൻ.ഡി.പി.പിയുടെ സല്‍ഹൗതുവോനുവോ, അതോയ്ജു സീറ്റില്‍ ബി.ജെ.പിയുടെ കഹുലി സെമ എന്നിവരാണ് മറ്റ് വനിതകൾ.

സംസ്ഥാന പദവി നേടി 60 വര്‍ഷം കഴിഞ്ഞിട്ടും നാഗാലാന്‍ഡ് നിയമസഭയിലേക്ക് ഒരു വനിതയെ തെരഞ്ഞെടുത്തിരുന്നില്ല. സംസ്ഥാനത്തെ വോട്ടർമാരിൽ പുരുഷന്മാരെക്കാൾ (6.52 ലക്ഷം) കൂടുതൽ വനിതകളാണ് (6.55 ലക്ഷം). അതിനാൽ, ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സരിച്ച നാലു വനിതകളിൽ ആരാകും ചരിത്രം സൃഷ്ടിക്കുക എന്ന ആകാംക്ഷയിലായിരുന്നു നാഗാലാൻഡിലെ ജനങ്ങൾ.

1977ല്‍ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിയായ റാണോ മെസെ ഷാസിയയാണ് നാഗാലാന്‍ഡില്‍ നിന്ന് പാര്‍ലമെന്‍റിലെത്തിയ ആദ്യ വനിത. ലോക്സഭയിലേക്കാണ് ഷാസിയ തെരഞ്ഞെടുക്കപ്പെട്ടത്. 2022ൽ സംസ്ഥാനത്ത് നിന്നുള്ള രാജ്യസഭാംഗമായി ബി.ജെ.പിയുടെ എസ്. ഫാങ്നോണ്‍ കൊന്യാകിനെ നാമനിര്‍ദേശം ചെയ്തിരുന്നു.