തിരുപ്പതി ക്ഷേത്രത്തിലും ഇനി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ

Advertisement

തിരുപ്പതി: ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ അവതരിപ്പിച്ച് തിരുപ്പതി തിരുമല ശ്രീ വെങ്കടേശ്വര ക്ഷേത്രം. ടോക്കനില്ലാത്ത സുഗമമായ ദര്‍ശനം ഉറപ്പുവരുത്തുന്നതിനും തീര്‍ത്ഥാടകര്‍ക്ക് മുറികള്‍ ഒരുക്കുന്നത് സൗകര്യപ്രദമാക്കുന്നതിനും വേണ്ടിയാണ് ഈ ശ്രമം.

പരീക്ഷണാടിസ്ഥാനത്തിൽ വികസിപ്പിച്ച ഈ സാങ്കേതിക വിദ്യ വൈകുണ്ഡം 2 കോംപ്ലക്‌സിലും അക്കൊമഡേഷന്‍ മാനേജ്‌മെന്റ് സംവിധാനത്തിലുമാണ് അവതരിപ്പിച്ചത്. ലിംഗം, വയസ് എന്നിവ ഉള്‍പ്പടെ വിവിധ ഘടകങ്ങളെ ആധാരമാക്കി തീര്‍ത്ഥാടകരെ വേര്‍തിരിക്കാന്‍ ഫേഷ്യല്‍ റെക്കഗ്നിഷനിലൂടെ സാധിക്കും.

ഇത് തീര്‍ത്ഥാടകര്‍ ഒന്നിലധികം ടോക്കനുകള്‍ കൈപ്പറ്റുന്നത് തടയാനും ദർശനം സുഗുമമാക്കാനും സഹായിക്കുമെന്ന് അധികൃതർ പറയുന്നു. തീര്‍ത്ഥാടകര്‍ക്ക് വാടക ഇളവുകളോടെ മുറി നല്‍കുന്നത് ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കുമെന്ന് ദേവസ്ഥാനം അധികൃതര്‍ കൂട്ടിച്ചേർത്തു.

ലോകത്തിലെ ഏറ്റവും തിരക്കേറിയ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണ് തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രം. മഹാവിഷ്ണുവിനെ വെങ്കിടേശ്വര രൂപത്തില്‍ ആരാധിക്കുന്ന ഇന്ത്യയിലെ ഏറ്റവും സമ്പന്നവും പൗരാണികവുമായ ക്ഷേത്രം കൂടിയാണിത്. വൈകുണ്ഡ ഏകാദശിക്കാണ് തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്നത്. 10.25 ടണ്‍ സ്വര്‍ണം അടക്കം 2.5 ലക്ഷം കോടിയിലേറെ രൂപയുടെ ആസ്തിയുള്ള ക്ഷേത്രത്തിൽ ദിവസേന പതിനായിരക്കണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്