രാജ്യത്ത് കോവിഡിനു സമാനമായ ലക്ഷണങ്ങളോടെ ജലദോഷപ്പനി വ്യാപകം; മുന്നറിയിപ്പ്

Advertisement

ന്യൂ ഡെൽഹി :
രാജ്യത്തിന്റെ പല ഭാഗത്തും കോവിഡിനു സമാനമായ ലക്ഷണങ്ങളോടെ  ജലദോഷപ്പനി വ്യാപകമാകുന്നതായി റിപ്പോർട്ട്. ഡൽഹിയിലാണു കൂടുതൽ പേരിൽ പനി ബാധിച്ചിരിക്കുന്നത്. പലരിലും ശ്വസകോശ സംബന്ധമായ  പ്രശ്നങ്ങളും വിട്ടുമാറാത്ത ചുമയും ഉണ്ടാകുന്നതായും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും പകർച്ചപ്പനിയെക്കുറിച്ചു മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. 
എച്ച്3എൻ2 വൈറസ് മൂലമുള്ള പനിയാണു വ്യാപകമാകുന്നതെന്ന് ഐസിഎംആർ വ്യക്തമാക്കി. അനാവശ്യമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്നും  ഐഎംഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അന്തരീക്ഷ മാലിന്യമാണ് പ്രധാന പ്രശ്നമെന്നാണ് നിഗമനം.  50 വയസ്സിനു മുകളിലുള്ളവരെയും 15 വയസ്സിനു താഴെയുള്ളവരെയുമാണു രോഗം കൂടുതലായി ബാധിക്കുന്നത്. ഒരാഴ്ച വരെ പനി നീളും; ചുമ അതിലധികവും. ഛർദി, മനംപുരട്ടൽ, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.  കൈകലുകളുടെ ശുചിത്വം ഉറപ്പാക്കുക, മാസ്ക് ധരിക്കുക, ആൾക്കൂട്ടങ്ങളിൽ പോകുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, ശരീരവേദനയും പനിയും ശക്തമാണെങ്കിൽ പാരസെറ്റമോൾ കഴിക്കുക തുടങ്ങിയവയാണ് ഐസിഎംആർ നൽകുന്ന നിർദേശം.