ലക്നൗ∙ മക്കൾ സംരക്ഷിക്കാൻ തയാറാകാത്തതോടെ 1.5 കോടി രൂപയുടെ സ്വത്ത് ഉത്തര്‍പ്രദേശ് സർക്കാരിനു നൽകി എൺപത്തിയഞ്ചുകാരൻ. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ നാഥു സിങ് ആണ് വീടും സ്ഥലവും ഉൾപ്പെടെ സർക്കാരിനു നൽകാൻ തയാറായത്. ശരീരം മെഡിക്കൽ കോളജിനു പഠനത്തിനായി ദാനം ചെയ്യുമെന്നും മരിച്ചു കഴിഞ്ഞാൽ മക്കളെ മൃതദേഹം കാണാൻ അനുവദിക്കരുതെന്നും അറിയിച്ചു.
ഒരു മകനും നാല് പെൺമക്കളുമാണു നാഥു സിങ്ങിനുള്ളത്. അധ്യാപകനായ മകൻ സഹരൻപുരിലാണ് താമസിക്കുന്നത്. നാല് പെൺമക്കളും വിവാഹിതരാണ്. ഭാര്യ മരിച്ചതോടെ നാഥു ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. ഏഴു മാസം മുമ്പ് വൃദ്ധസദനത്തിലേക്കു താമസം മാറി. വലിയ കുടുംബമായിരുന്നിട്ടും ആരും സന്ദർശിക്കാൻ പോലും ചെല്ലാതായതോടെ നാഥു വലിയ ദുഃഖത്തിലായിരുന്നു. തുടർന്നാണ് സ്ഥലവും വീടും സർക്കാരിനു നൽകാൻ തീരുമാനിച്ചത്.
തന്റെ മരണശേഷം ഈ സ്ഥലത്ത് ആശുപത്രിയോ സ്കൂളോ നിർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രായമായപ്പോൾ മക്കളുടെ ഒപ്പം ജീവിക്കാനായിരുന്നു ആഗ്രഹം. എന്നാൽ അവർ ആരും തിരിഞ്ഞുനോക്കിയില്ല. അതോടെയാണു സ്വത്തുക്കളും സർക്കാരിനു നൽകാൻ തീരുമാനിച്ചതെന്ന് നാഥു പറഞ്ഞു.