യു.പിയിൽ ഇനി മനുഷ്യർക്ക് പകരം കേരളത്തിൽനിന്നുള്ള റോബോട്ടുകൾ സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കും

Advertisement

ലഖ്നൗ: ഉത്തർപ്രദേശിലെ സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കാൻ കേരളം ആസ്ഥാനമായുള്ള കമ്പനി നിർമിച്ച റോബോട്ടുകൾ റെഡി. അടഞ്ഞുകിടക്കുന്ന അഴുക്കുചാലുകളും മാൻഹോളുകളും ആഴത്തിലെത്തി വൃത്തിയാക്കുന്ന സ്മാർട്ട് റോബോട്ടുകൾ ആണ് ഇനി ഈ പണി എടുക്കുക. പദ്ധതി ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

പ്രയാഗ്‌രാജ് നഗർ നിഗത്തിനും (പി.എൻ.എൻ) ജലകാൽ വകുപ്പിനും മൂന്ന് ബാൻഡികൂട്ട് റോബോട്ടിക് സ്‌കാവെഞ്ചർമാരെ സംസ്ഥാന സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. അഴുക്കുചാലുകളുടെ പരിപാലന ചുമതല ഏൽപ്പിച്ചിരിക്കുന്ന രണ്ട് പ്രധാന സ്ഥാപനങ്ങളാണ് ജലകാൽ വകുപ്പും പി.എൻ.എന്നും. ഹോളിക്ക് ശേഷം റോബോട്ടുകളുടെ സമ്പൂർണ സേവനം ലഭ്യമാക്കും. ഏത് തരത്തിലുള്ള മലിനജല മാൻഹോളുകളും വൃത്തിയാക്കാൻ രൂപകൽപ്പന ചെയ്ത റോബോട്ടിക് മെഷീനാണ് ബാൻഡികൂട്ട്.

അഴുക്കുചാലുകൾ വൃത്തിയാക്കുന്ന തൊഴിലാളികളുടെ ജോലി ചെയ്യാൻ 1.18 കോടി രൂപ വിലയുള്ള മൂന്ന് ബാൻഡികൂട്ട് റോബോട്ടുകൾ സർക്കാർ നൽകിയിട്ടുണ്ടെന്ന് ജലകാൽ വകുപ്പ് ജനറൽ മാനേജർ കുമാർ ഗൗരവ് പറഞ്ഞു. കേരളം ആസ്ഥാനമായുള്ള ദേശീയ അവാർഡ് നേടിയ സ്റ്റാർട്ടപ്പായ ജെൻറോബോട്ടിക്‌സ് വികസിപ്പിച്ചെടുത്തതാണ് ഈ റോബോട്ടുകൾ.