അഹമ്മദാബാദ്: ഗുജറാത്തിലെ മേഹ്സാനയിലെ ലഹരിമുക്തി കേന്ദ്രത്തിൽ ചികിത്സയിലിരുന്നയാളെ തല്ലികൊന്നു. മദ്യപാന,മയക്കുമരുന്ന് ആസക്തികൾക്ക് ചികിത്സയിലുണ്ടായിരുന്നയാളാണ് കൊല്ലപ്പെട്ടത്. ഏഴോളം പേർ ചേർന്നാണ് ഇയാളെ മർദിച്ചത്. ലഹരിമുക്തി കേന്ദ്രത്തിന്റെ മാനേജറും ഇയാളെ മർദിച്ചിരുന്നു.
ഹാർദിക് സുതാർ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സ്വാഭാവിക മരണമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. പിന്നീട് സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് മർദനം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നത്.
പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് ഏഴ് പേർ ചേർന്ന് സുന്ദറിനെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ആറ് മാസം മുമ്പാണ് ഇയാളെ ലഹരിമുക്തി കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 17ാം തീയതി ഇയാൾ ബാത്റൂമിലെത്തി കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചു. തുടർന്നാണ് ലഹരിമുക്തി കേന്ദ്രത്തിന്റെ മാനേജർ ഉൾപ്പടെ ഏഴ് പേർ ചേർന്ന് ഇയാളുടെ കൈകാലുകൾ കെട്ടി മർദിച്ചത്.