മന്ത്രി– ഐപിഎസ് വിവാഹം; ഹർജോത് സിങ്ങും ജ്യോതി യാദവും ഒന്നിക്കുന്നു

Advertisement

ചണ്ഡിഗഡ്:പഞ്ചാബിൽ എഎപി എംഎൽഎയും ഐപിഎസ് ഉദ്യോഗസ്ഥയും വിവാഹിതരാകുന്നു. ആം ആദ്മി എംഎൽഎ ഹർജോത് സിങ് ബെയ്ൻസും ഐപിഎസ് ഉദ്യോഗസ്ഥ ജ്യോതി യാദവും തമ്മിലുള്ള വിവാഹം ഈ മാസം അവസാനമാണ്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും തമ്മലുള്ള വിവാഹനിശ്ചയം.

പഞ്ചാബിലെ രൂപ്നഗർ ജില്ലയിലെ മണ്ഡലമായ അനന്ത്പുർ സാഹിബിൽ നിന്നുള്ള നിയമസഭാംഗമാണ് ഹർജോത് സിങ്. ആദ്യമായി നിയമസഭയിലെത്തുന്ന അദ്ദേഹം നിലവിൽ ഭഗവന്ത് മൻ സർക്കാരിന്റെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയാണ്. അനന്ത്പുർ സാഹിബിലെ ഗംഭിർപുർ ഗ്രാമത്തിൽ നിന്നെത്തിയ 32കാരനായ അദ്ദേഹം 2017ലെ തിരഞ്ഞെടുപ്പിൽ ഷഹ്നിവാൽ മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്ത് എഎപിയുടെ യുവജന സംഘടനയെ നയിക്കുന്നത് ബെയ്ൻസാണ്.

ചണ്ഡിഗഡിലെ പഞ്ചാബ് സർവകലാശാലയിൽനിന്ന് 2014ൽ എൽഎൽബി ബിരുദമെടുത്ത ഇദ്ദേഹം 2018ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് രാജ്യാന്തര മനുഷ്യാവകാശ നിയമത്തിൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. പഞ്ചാബ് കേഡർ ഐപിഎസ് ഉദ്യോഗസ്ഥയായ ജ്യോതി നിലവിൽ മാൻസ ജില്ലയിലെ പൊലീസ് സൂപ്രണ്ടന്റാണ്. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ ജ്യോതി കഴിഞ്ഞ വർഷം എഎപി എംൽഎയുമായുണ്ടായ തർക്കത്തെ തുടർന്ന് വാർത്തകളിൽ ഇടം നേടിയിരുന്നു. എംഎൽഎയുടെ സമ്മതമില്ലാതെ അവരുടെ നിയോജക മണ്ഡലത്തിൽ പരിശോധന നടത്തിയതിനെ തുടർന്നുണ്ടായ വാഗ്വാദമാണ് വിവാദമായത്.