ക്രിസ്ത്യാനികളെ കത്തുന്ന കൽക്കരിയിലൂടെ നഗ്നപാദരായി നടത്തിച്ച് ഹിന്ദുമതത്തി​ലേക്ക് പരിവർത്തനം ചെയ്യിച്ചു

Advertisement

റാഞ്ചി: ഝാർഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിൽ ക്രിസ്ത്യാനികളെ കത്തുന്ന കൽക്കരിയിലൂടെ നടത്തിച്ച് ഹിന്ദുമതത്തി​ലേക്ക് പരിവർത്തനം ചെയ്യിച്ചതായി റിപ്പോർട്ട്. മാർച്ച് ആദ്യവാരം ഘർ വാപ്‌സി എന്ന പേരിൽ നടത്തിയ ചടങ്ങിലാണ് 60 സ്ത്രീകളടക്കം 100 പേരെ കനലിലൂടെ നഗ്നപാദരായി നടത്തിച്ച് മതംമാറ്റിയതെന്ന് ഔട്‍ലുക്ക് റിപ്പോർട്ടിൽ പറയുന്നു.

തീവ്രഹിന്ദുത്വ സംഘടനകളായ ആർ.എസ്.എസ്, വി.എച്ച്.പി എന്നിവയുടെ നേതൃത്വത്തിൽ ഘർ വാപ്‌സി എന്നപേരിൽ സംസ്ഥാന വ്യാപകമായി നിരവധി മതപരിവർത്തന ക്യാമ്പുകൾ നടത്തുന്നുണ്ട്. ഇത്തരം ചടങ്ങുകളിൽ നൂറുകണക്കിന് ആദിവാസികളാണ് ക്രിസ്തുമതത്തിൽനിന്ന് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കുന്നത്.

ഗിരി വനവാസി കല്യാൺ പരിഷത്ത് എന്ന സംഘടനയാണ് സാഹിബ്ഗഞ്ച് ജില്ലയിൽ നടന്ന ക്യാംപിന്റെ സംഘാടകർ. 70ഓളം ക്രിസ്ത്യൻ കുടുംബങ്ങളാണ് ഇവിടെ ഹിന്ദുമതം സ്വീകരിച്ചത്. സ്വയം ശുദ്ധീകരിക്കാനും സനാതന ധർമം സ്വീകരിക്കാനുമാണ് കൽക്കരി കത്തിച്ച് അതിലൂടെ നടന്നതെന്ന് ഗിരി വനവാസി കല്യാൺ പരിഷത്ത് ജില്ലാ പ്രസിഡന്റ് ശീതൾ ബാബ പറഞ്ഞു. ബാർഹെത് ബ്ലോക്കിലെ സിന്ദ്രി ഗ്രാമത്തിലെ ജീൽപൂജയ്ക്കിടെയാണ് പുരുഷന്മാരും സ്ത്രീകളും എരിയുന്ന കനലിലൂടെ നടന്നത്.

എന്നാൽ, വിഎച്ച്പിക്ക് ഇതുമായി ബന്ധമില്ലെന്ന് ദേശീയ വക്താവ് വിനോദ് ബൻസാൽ പറഞ്ഞതായി ഔട്ലുക്ക് റിപ്പോർട്ട് ചെയ്തു. സംഘപരിവാർ അനുബന്ധ സംഘടനകൾ ധാരാളം ഘർ വാപ്സി ക്യാമ്പ് നടത്താറുണ്ടെങ്കിലും അതിന്റെ സ്വഭാവം ഇങ്ങനെയല്ല എന്ന് ബൻസാൽ അവകാശപ്പെട്ടു.