ഡൽഹിയിൽ വീണ്ടും നേരിയ ഭൂചലനം

Advertisement

ന്യൂഡൽഹി: ഇന്നലെ അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തിന് പിന്നാലെ ഡൽഹിയിൽ തുടർചലനം. ഇന്ന് വൈകീട്ട് 4.42ന് റിക്ടർ സ്കെയിലിൽ 2.7 രേഖപ്പെടുത്തിയ തീവ്രതകുറഞ്ഞ ഭൂചലനമാണുണ്ടായതെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ന്യൂഡൽഹിക്ക് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ 17 കിലോമീറ്റർ അകലെ അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

ചൊവ്വാഴ്ച റിക്ടർ സ്കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂചലനം ഡൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടിരുന്നു. ഒമ്പത് രാജ്യങ്ങളിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ പാകിസ്താനിലും അഫ്ഗാനിസ്താനിലുമായി 11 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹി, ജമ്മു-കശ്മീർ, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂകമ്പത്തിൽ ഇന്ത്യയിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡൽഹിയിൽ ചില കെട്ടിടങ്ങൾക്ക് വിള്ളൽ ഉണ്ടായിട്ടുണ്ട്.

പാകിസ്താൻ-തജിക്കിസ്താൻ അതിർത്തിക്ക് സമീപം തെക്ക് -തെക്ക് കിഴക്ക് അഫ്ഗാൻ പട്ടണമായ ജുറുമിലായിരുന്നു ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം.

Advertisement