ഛണ്ഡീഗഢ്: ഒളിവിൽ കഴിയുന്ന ‘വാരിസ് പഞ്ചാബ് ദേ’ തലവൻ അമൃത്പാൽ സിങ്ങിനും കൂട്ടാളിക്കും അഭയം നൽകിയ യുവതി അറസ്റ്റിൽ. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ തന്‍റെ വീട്ടിൽ ഇരുവരെയും പാർപ്പിച്ച ബൽജിത് കൗർ എന്ന യുവതിയാണ് അറസ്റ്റിലായത്. പപാൽ പ്രീത് സിങ് എന്ന കൂട്ടാളിയാണ് അമൃത്പാൽ സിങ്ങിനൊപ്പം ബൽജിത് കൗറിന്‍റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞത്. അമൃത്പാലിനെ രക്ഷപെടാൻ സഹായിച്ചതിന് നാലുപേർ ചൊവ്വാഴ്ച് അറസ്റ്റിലായിരുന്നു.
അതേസമയം, പൊലീസിനെ വെട്ടിച്ച് രക്ഷപെട്ട ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനായുള്ള പഞ്ചാബ് പൊലീസിന്‍റെ ഊർജിത തിരച്ചിൽ ആറാം ദിവസത്തിലാണ്.
ഇന്നലെ ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനങ്ങളിലൊന്നായ ബൈക്ക് പൊലീസ് കണ്ടെത്തിയിരുന്നു. ജലന്ധറിൽ നിന്ന് 45 കിലോമീറ്റർ അകലെ ദാരാപൂരിലെ കനാലിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു ബൈക്ക്. ബൈക്കിന് പിറകിലിരുന്ന് ഇയാൾ കൂട്ടാളിക്കൊപ്പം യാത്ര ചെയ്യുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 12 മണിക്കൂറിനിടെ അഞ്ച് വാഹനങ്ങൾ മാറിക്കയറിയാണ് ഇയാൾ രക്ഷപ്പെട്ടത്.
അമൃത്പാലിനെ പിടികിട്ടാപ്പുള്ളിയായി പഞ്ചാബ് പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അമൃത്പാലിന്‍റെ പല രൂപങ്ങളിലുള്ള ഫോട്ടോകൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. അതിർത്തികളിലും രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങളിലും ജാഗ്രതനിർദേശം നൽകിയിട്ടുണ്ട്. ഇയാളുടെ അമ്മാവൻ അടക്കം 120 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.