കോടതിയിൽ ഭർത്താവിന്‍റെ ആസിഡ് ആക്രമണം; ഭാര്യ അത്യാസന്നനിലയിൽ

Advertisement

കോയമ്പത്തൂർ: നഗരത്തിലെ കോടതി സമുച്ചയത്തിൽ യുവതിയുടെ ശരീരത്തിൽ ഭർത്താവ്​ ആസിഡ്​ ഒഴിച്ചു. പ്രതിയെ അഭിഭാഷകരും പൊലീസും ജനങ്ങളും ചേർന്ന്​ പിടികൂടി. കോയമ്പത്തൂർ സൂലൂർ കണ്ണംപാളയം മഹാലക്ഷ്മി നഗറിൽ താമസിക്കുന്ന പി. ശിവകുമാർ (40) ആണ് പ്രതി. കോയമ്പത്തൂർ രാമനാഥപുരം കാവേരി നഗർ എസ്​. കവിത(33)യാണ്​ ആക്രമണത്തിന്​ ഇരയായത്​. ഇവരെ ശരീരമാസകലം രുതരമായി പൊളളലേറ്റ നിലയിൽ കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ 10.45ഓടെയാണ്​ സംഭവം. കോയമ്പത്തൂർ ഫസ്റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയിലെ കാത്തിരിപ്പ്​ കേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന കവിതയുടെ മീതെയാണ്​ ആസിഡ്​ ഒഴിച്ചത്​. വേദന സഹിക്കാനാവാതെ കവിത നിലവിളിച്ച്​ ഓടി രണ്ടാം ക്ലാസ്​ മജിസ്​ട്രേട്ട്​ കോടതിക്ക്​ മുന്നിൽ പോയി വീഴുകയായിരുന്നു. വനിത അഭിഭാഷകയുടെ മീതെയും ആസിഡ്​ തെറിച്ചുവീണു. ഇവരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്​. മോഷണ കേസിൽ പ്രതി ചേർക്കപ്പെട്ട യുവതി വിചാരണ നടപടികൾക്കായി കാത്തിരിക്കവെയാണ്​ ആക്രമണം. കോയമ്പത്തൂർ നോർത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജി.ചന്ദീഷ് കോടതി പരിസരം സന്ദർശിച്ചു.

ഒരാഴ്ച മുൻപ്​ വിടു​വിട്ടിറങ്ങിയ കവിത ഇൻസ്റ്റഗ്രാം സുഹൃത്തായ പ്രഭു എന്നയാളോടൊപ്പം താമസിച്ചുവരുകയായിരുന്നു. ലോറി ഡ്രൈവറായ ശിവകുമാർ ഭാര്യയെ അന്വേഷിക്കുന്നതിനിടെയാണ്​ അഭിഭാഷകനിൽനിന്ന്​ ഫോൺ വന്നത്​. ഭാര്യയോട്​ വ്യാഴാഴ്ച കോടതിയിൽ ഹാജരാകാൻ പറയണമെന്നായിരുന്നു അഭിഭാഷകൻ അറിയിച്ചത്​. ഭാര്യ കോടതിയിലെത്തുമെന്ന്​ ഉറപ്പായതോടെയാണ്​ ആസിഡ്​ ആക്രമണം നടത്താൻ ശിവകുമാർ തീരുമാനിച്ചത്​. യുവതിക്ക്​ 80 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു. ദമ്പതികൾക്ക്​ രണ്ട്​ മക്കളുണ്ട്​.

Advertisement