ന്യൂഡൽഹി: സൂറത്ത് കോടതി വിധിക്ക് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയ ലോക്സഭ സെക്രട്ടേറിയറ്റിന്‍റെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്ന് ഭരണഘടനാ വിദഗ്ധർ. ഭരണഘടനയുടെ ആർട്ടിക്ൾ 103 പ്രകാരം രാഷ്ട്രപതിക്കാണ് സിറ്റിങ് എം.പിയെ അയോഗ്യനാക്കാനുള്ള അധികാരമെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി വ്യക്തമാക്കി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ ഉപദേശ പ്രകാരമാണ് രാഷ്ട്രപതി അയോഗ്യത പ്രഖ്യാപിക്കേണ്ടത്. തുടർന്നാണ് അയോഗ്യനാക്കപ്പെട്ട എം.പി പ്രതിനിധീകരിച്ച ലോക്സഭ മണ്ഡലത്തിൽ ഒഴിവ് വന്നതായി ലോക്സഭ സെക്രട്ടേറിയറ്റിന് പ്രഖ്യാപിക്കാൻ സാധിക്കൂ.
ഭരണഘടനാപരമായ വലിയ പിഴവ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയ സെക്രട്ടറി ജനറലിന്‍റെ നടപടിയിൽ സംഭവിച്ചിട്ടുണ്ട്. ലോക്സഭ സെക്രട്ടേറിയറ്റിന്‍റെ വിജ്ഞാപനത്തെ നിയമപരമായി ചോദ്യം ചെയ്യാൻ സാധിക്കുന്നതാണ്. രാഷ്ട്രപതിയുടെ അഭിപ്രായം വരാതെ സീറ്റിൽ ഒഴിവ് വന്നതായി പ്രഖ്യാപിക്കാൻ പാടില്ലെന്നാണ് 2009ലെ സുപ്രീംകോടതി വിധിയെന്നും പി.ഡി.ടി ആചാരി മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ ദുരുപയോഗമാണ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയ നടപടിയെന്ന് അഭിഭാഷകൻ കാളീശ്വരം രാജ് പ്രതികരിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ ഉപദേശ പ്രകാരം രാഷ്ട്രപതിയാണ് അയോഗ്യത കൽപിക്കേണ്ടത്. ഭരണഘടന ആർട്ടിക്ൾ 103ന്‍റെ താൽപര്യത്തെ വ്യക്തമായി വിലയിരുത്താതെയാണ് ഓട്ടോമാറ്റിക് ഡിസ്ക്വാളിഫിക്കേഷൻ എന്ന നിലയിലെ പരികൽപനയാണ് സുപ്രീംകോടതി മുന്നോട്ടുവെച്ചത്.
തികച്ചും ജനാധിപത്യ വിരുദ്ധവും ഉപരിവിപ്ലവുമായ വിധിയായിരുന്നു. ഇത് നിർഭാഗ്യവശാൽ രാഷ്ട്രീയത്തിലെ ക്രിമിനൽവൽകരണത്തിനെതിരായ വിധിയായി തെറ്റിദ്ധരിക്കപ്പെട്ടു. രാഷ്ട്രീയവും ക്രിമിനൽ കുറ്റവും തമ്മിലുള്ള വ്യത്യാസം വളരെ ലോലവും വളരെ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കാത്തതുമാണ്. ഒരു രാഷ്ട്രീയ നേതാവിനെ വൈരാഗ്യത്തിന്‍റെയും എതിർപ്പിന്‍റെയും പേരിൽ ക്രിമിനൽ കേസിൽ ഉൾപ്പെടുത്താൻ വളരെ വേഗത്തിൽ സാധിക്കും.
അതിന്‍റെ ക്ലാസിക് ഉദാഹരണമാണ് രാഹുൽ ഗാന്ധിക്കെതിരായ നീക്കം. രാഹുൽ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ചതും പ്രകടിപ്പിച്ചതും രാഷ്ട്രീയപരമാണ്. പൊതുവിഷയത്തിൽ രാഷ്ട്രീയമായി അഭിപ്രായം പറഞ്ഞതിനാണ് രാഹുൽ അയോഗ്യനാക്കപ്പെട്ടതെന്നും കാളീശ്വരം രാജ് വ്യക്തമാക്കി.
സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയത്. ലോക്സഭ സെക്രട്ടേറിയറ്റ് ആണ് അംഗത്വം റദ്ദാക്കി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. കോടതി വിധി പുറപ്പെടുവിച്ച ഇന്നലെ (മാർച്ച് 23) മുതൽ രാഹുൽ അയോഗ്യനാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു.