ന്യൂഡൽഹി: ലോക്സഭാ അംഗത്വം റദ്ദാക്കിയതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളാണ് ബി.ജെ.പിയുടെ പ്രധാന ലക്ഷ്യമെന്ന് മമത ബാനർജി പ്രതികരിച്ചു.
ക്രിമിനൽ പശ്ചാത്തലമുള്ള ബി.ജെ.പി നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നു. പ്രതിപക്ഷ നേതാക്കൾ അവരുടെ പ്രസംഗത്തിന് അയോഗ്യരാക്കപ്പെടുന്നു. ജനാധിപത്യത്തിന്‍റെ അധഃപതനത്തിന് നാം സാക്ഷ്യം വഹിച്ചിരിക്കുന്നുവെന്നും മമത ബാനർജി ചൂണ്ടിക്കാട്ടി.
സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയത്. ലോക്സഭ സെക്രട്ടേറിയറ്റ് ആണ് അംഗത്വം റദ്ദാക്കി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. കോടതി വിധി പുറപ്പെടുവിച്ച ഇന്നലെ (മാർച്ച് 23) മുതൽ രാഹുൽ അയോഗ്യനാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
അംഗത്വം റദ്ദാക്കിയ സാഹചര്യത്തിൽ വയനാട് എം.പി എന്ന നിലയിൽ രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രവേശിക്കാനോ നടപടികളിൽ ഭാഗമാകാനോ പാടില്ലെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്ൾ 102(1)(ഇ)ഉം ജനപ്രാതിനിധ്യ നിയമം സെക്ഷൻ എട്ട് പ്രകാരവുമാണ് നടപടി.